പട്‌ന: ബിഹാറിലെ കനത്ത തോല്‍വിയെത്തുടര്‍ന്ന് രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നും കുടുംബവുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്നും രോഹിണി ആചാര്യ പ്രഖ്യാപിച്ചതിന് പിന്നാലെ ചര്‍ച്ചയായി റമീസ് നിഹ്‌മത്ത് ഖാന്‍ എന്ന പേരും. ആര്‍ജെഡി എംപി സഞ്ജയ് യാദവിന്റെയും റമീസിന്റെയും ആവശ്യപ്രകാരമാണ് താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുന്നതെന്നും കുടുംബവുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതെന്നുമാണ് ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന്റെ മകള്‍ രോഹിണി പറഞ്ഞത്. ഇതിനുപിന്നാലെയാണ് ആരാണ് റമീസ് ഖാന്‍ എന്ന ചോദ്യവും ഉയരുന്നത്.
To advertise here, Contact Us
തന്റെ തീരുമാനത്തിന് കാരണം സഞ്ജയ് യാദവും റമീസ് ഖാനും ആണെന്നാണ് രോഹിണി കഴിഞ്ഞദിവസം പറഞ്ഞത്. സഞ്ജയ് യാദവ് ആര്‍ജെഡിയുടെ രാജ്യസഭ എംപിയാണ്. തേജസ്വി യാദവിന്റെ അടുത്തയാളും വിശ്വസ്തനുമാണ്. എന്നാല്‍, റമീസ് ഖാന്‍ എന്ന പേര് ഇതിന് മുന്‍പ് ബിഹാര്‍ രാഷ്ട്രീയത്തിൽ അത്ര പരിചിതമായിരുന്നില്ല. കഴിഞ്ഞദിവസം രോഹിണിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് റമീസ് ഖാനെക്കുറിച്ചുള്ള കൂടുതല്‍വിവരങ്ങളും പുറത്തുവന്നത്.
ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ ഏറെക്കാലമായുള്ള സുഹൃത്താണ് റമീസ് ഖാന്‍. ക്രിക്കറ്റ് ഗ്രൗണ്ടില്‍നിന്ന് ഉടലെടുത്ത ഇരുവരുടെയും സൗഹൃദം പിന്നീട് രാഷ്ട്രീയത്തിലേക്കും നീണ്ടു. നിലവില്‍ തേജസ്വി യാദവിന്റെ കോര്‍ ടീമിന്റെ ഭാഗമാണ് റമീസ് ഖാനെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്യുന്നു.
1986-ലാണ് റമീസ് ഖാന്റെ ജനനം. പിതാവ് നിഹ്‌മത്തുള്ള ഖാന്‍ ജാമിയ മിലിയ സര്‍വകലാശാലയിലെ പ്രൊഫസറാണ്. മഥുരറോഡിലെ ഡല്‍ഹി പബ്ലിക് സ്‌കൂളിലായിരുന്നു റമീസ് ഖാന്റെ സ്‌കൂള്‍ വിദ്യാഭ്യാസം. ശേഷം ജാമിയ മിലിയ സര്‍വകലാശാലയില്‍നിന്ന് ബിഎയും എംബിഎയും നേടി.
കുട്ടിക്കാലം മുതല്‍ ക്രിക്കറ്റില്‍ സജീവമായിരുന്ന റമീസ് ഖാന്‍, ഡല്‍ഹിയെയും ഝാര്‍ഖണ്ഡിനെയും പ്രതിനിധീകരിച്ച് വിവിധ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ഝാര്‍ഖണ്ഡിന്റെ 22 വയസ്സില്‍ താഴെയുള്ളവരുടെ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായിരുന്നു. ഈ സമയത്താണ് റമീസ് ഖാന്‍ തേജസ്വി യാദവുമായി സൗഹൃദത്തിലാകുന്നത്. തുടര്‍ന്ന് തേജസ്വിക്കൊപ്പം രാഷ്ട്രീയരംഗത്തേക്കുമെത്തി. 2016-ല്‍ ആര്‍ജെഡിയില്‍ ചേര്‍ന്ന റമീസ് ഖാന്‍ തേജസ്വിയുടെ കോര്‍ ടീമിലെ പ്രധാന അംഗമാണ്.
തേജസ്വി യാദവിന്റെയും ആര്‍ജെഡിയുടെയും സാമൂഹികമാധ്യമ പ്രചാരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് റമീസ് ഖാന്‍ ആണെന്നാണ് പാര്‍ട്ടിവൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്യുന്നത്. ഉത്തര്‍പ്രദേശ് നിവാസിയായ റമീസ് ഖാന്‍, ഉത്തര്‍പ്രദേശില്‍നിന്നുള്ള മുന്‍ എംപി റിസ്‌വാന്‍ സഹീറിന്റെ മരുമകനാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

0 Comments