വെെദ്യുതനിലയത്തിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമത്തിൽ; വൻസുരക്ഷാവീഴ്ചയെന്ന് പോലീസ് റിപ്പോർട്ട്


 മൂലമറ്റം (ഇടുക്കി): സുരക്ഷയുടെ പേരിൽ ദശാബ്ദങ്ങളായി സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്ന മൂലമറ്റം വൈദ്യുതി നിലയത്തിന്റെ മർമ്മപ്രധാനമായ ടണലിന്റെ അടക്കമുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ നിറയുന്നു.

To advertise here, Contact Us

വൻ സുരക്ഷാവീഴ്ചയാണുണ്ടായിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പോലീസ് സർക്കാരിന് റിപ്പോർട്ട് നൽകി. അതിനിടെ മന്ത്രിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും ടണലിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്ന വീഡിയോയും ഫോട്ടോകളുമെത്തി. ഇതും പിഴവാണെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു.

മൂലമറ്റം വൈദ്യുതിനിലയം കഴിഞ്ഞദിവസം മുതൽ അടച്ചിട്ട് ജനറേറ്ററുകളിൽ അറ്റകുറ്റപ്പണി നടത്തുകയാണ്. ജനറേറ്ററിന്റെ ചില ഭാഗങ്ങൾ പുറത്തേക്ക് കൊണ്ടുപോകുന്നതിനെത്തിയ വാഹനത്തിന്റെ ജീവനക്കാരനാണ് വീഡിയോയും ചിത്രങ്ങളും മൊബൈലിൽ പകർത്തിയത്. ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണിതെന്നാണ് ലോറി ഡ്രൈവർ പറയുന്നത്.

എന്നാൽ, അങ്ങനെയൊരു സംഭവമേയില്ലെന്ന് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തുന്നു. അഞ്ച് പോലീസുകാരാണ് വൈദ്യുതി നിലയത്തിന് മുന്നിലെ ഗാർഡ് റൂമിലുള്ളത്. പുറത്തുനിന്നെത്തുന്നവരെ ഇവർ വിലക്കാറുണ്ട്. എന്നാൽ, ടണലിനുള്ളിലായിരുന്നതിനാൽ ഇവരും ഇക്കാര്യം ശ്രദ്ധിച്ചില്ല.

സുരക്ഷാകാരണങ്ങളാൽ വൈദ്യുതിനിലയം, സന്ദർശകർക്ക് മുന്നിൽ അടച്ചിട്ട് കാൽനൂറ്റാണ്ടായി. സ്ഥിരം ജീവനക്കാർക്കല്ലാതെ, മൊബൈൽഫോൺ വൈദ്യുതിനിലയത്തിൽ കൊണ്ടുപോകാൻ അനുമതിയില്ല. ഈ പശ്ചാത്തലത്തിലാണ് എല്ലാ സുരക്ഷാനിയമങ്ങളും കാറ്റിൽപ്പറത്തി വൈദ്യുതിനിലയത്തിന്റെ ഉൾഭാഗങ്ങൾ സാമൂഹ്യമാധ്യമമായ ഇൻസ്റ്റാഗ്രാമിൽ റീലാക്കിയത്. സംഭവത്തിൽ സാമൂഹിക മാധ്യമങ്ങളിൽ രൂക്ഷവിമർശനമാണുയരുന്നത്.

നിലയത്തിലെ ജീവനക്കാരെ നിയോഗിക്കുന്നതിൽപോലും സുരക്ഷയ്ക്കും മുൻപരിചയത്തിനും പ്രാധാന്യം നൽകിയിരുന്നു. എന്നാൽ ഇപ്പോൾ പുതിയ ആളുകൾ വരുന്നു. ഏതാനും മാസങ്ങൾ നിൽക്കുന്നു, പോകുന്നു, എന്നതാണ് സ്ഥിതി.

Post a Comment

0 Comments