തിരുവനന്തപുരം∙ യൂത്ത് കോണ്‍ഗ്രസ് കുന്നംകുളം ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ (27) എസ്‌ഐ അടക്കം 4 പൊലീസുകാര്‍ സ്‌റ്റേഷനില്‍ വച്ച് തല്ലിച്ചതച്ച സംഭവത്തില്‍ കടുത്ത നടപടി വേണമെന്ന് പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖര്‍. മര്‍ദിച്ചവരെ ക്രമസമാധാനച്ചുമതലയില്‍നിന്നു മാറ്റിയേക്കും. തുടര്‍നടപടിക്കു നിയമസാധുത പരിശോധിക്കാന്‍ ഉത്തരമേഖലാ ഐജിക്ക് ഡിജിപി നിര്‍ദേശം നല്‍കി.
മര്‍ദനം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഡിജിപി ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. സുജിത്തിനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് പൊലീസ് സേനയ്ക്കാകെ മാനക്കേടുണ്ടാക്കിയെന്ന ആഭ്യന്തരവകുപ്പിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടര്‍നടപടിക്കുള്ള നീക്കം നടക്കുന്നത്. ഇന്‍ക്രിമെന്റ് തടയല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ചിട്ടുണ്ടെന്നും ഒരു തവണ നടപടി എടുത്ത സംഭവത്തില്‍ വീണ്ടും നടപടി എടുക്കാന്‍ കഴിയില്ലെന്നുമുള്ള ന്യായമാണ് പൊലീസ് ഉയര്‍ത്തുന്നത്. അതേസമയം, വിഷയത്തില്‍ അതിശക്തമായ പ്രതിഷേധമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്.
പൊലീസിന്റെ അതിക്രൂര മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ രണ്ടര വര്‍ഷത്തിനുശേഷം വിവരാവകാശ നിയമപോരാട്ടത്തിലൂടെയാണ് പുറത്തുവന്നത്. 3 യുവാക്കളെ കസ്റ്റഡിയിലെടുത്തതു ചോദ്യം ചെയ്ത വി.എസ്. സുജിത്തിനെ (27) സ്‌റ്റേഷനില്‍ എത്തിച്ച് ക്രൂരമായി തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങളാണ് സ്റ്റേഷനിലെ സിസിടിവി ക്യാമറയില്‍നിന്നു ലഭിച്ചത്. എസ്‌ഐ നൂഹ്മാന്‍, സീനിയര്‍ സിപിഒ ശശീന്ദ്രന്‍, സിപിഒമാരായ സന്ദീപ്, സജീവന്‍ എന്നിവര്‍ ചേര്‍ന്നു മര്‍ദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കരണത്തേറ്റ അടിയില്‍ സുജിത്തിനു കേള്‍വിത്തകരാറും സംഭവിച്ചു.
2023 ഏപ്രില്‍ അഞ്ചിനായിരുന്നു സംഭവം. ചിലര്‍ പൊതുസ്ഥലത്തു മദ്യപിക്കുന്നതായ പരാതിയെത്തുടര്‍ന്നു കാണിപ്പയ്യൂരിലെത്തിയ പൊലീസ് 3 യുവാക്കളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചത് അടുത്ത വീട്ടില്‍ താമസിക്കുന്ന സുജിത്ത് തടഞ്ഞു. ഇതോടെ സുജിത്തിനെ കസ്റ്റഡിയിലെടുത്തു ക്രൂരമായി മർദിക്കുകയായിരുന്നു.

0 Comments