കെഎസ്ആര്‍ടിസി ബസിലെ യാത്രക്കിടെ തനിക്കുനേരെയുണ്ടായ അതിക്രമത്തിന്‍റെ വിഡിയോ പങ്കുവച്ച് കൊച്ചിയില്‍ നിന്നുള്ള കണ്ടന്‍റ് ക്രിയേറ്റര്‍. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് ബസില്‍ അടുത്തിരുന്ന സഹയാത്രികനില്‍ നിന്നും തനിക്കുണ്ടായ ദുരനുഭവം യുവതി പങ്കുവച്ചത്. വിഡിയോയില്‍ കേരള സാരി ധരിച്ച യുവതി തിരക്കേറിയ കെഎസ്ആര്‍ടിസി ബസില്‍ ഇരിക്കുന്നതും അതേസീറ്റിലിരുന്ന മധ്യവയസ്കനായ സഹയാത്രികന്‍ മോശമായി നോക്കുന്നതും കാണാം.
ഈ അതിക്രമത്തിന്‍റെ ദൃശ്യങ്ങള്‍ യുവതി തന്‍റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. യുവതി തന്നെ നിരീക്ഷിക്കുന്നുണ്ടെന്ന് മനസിലായിട്ടും ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടില്‍ ഇയാള്‍ നോട്ടം തുടരുന്നു. ഇനി നോക്കിയാല്‍ കണ്ണുകുത്തി പൊട്ടിക്കും എന്ന് പറഞ്ഞപ്പോള്‍ അയാള്‍ ഇറങ്ങിയോടിയെന്നും യുവതി പറയുന്നു. ‘പല സംഭവങ്ങളിലും വസ്ത്രധാരണമാണ് പ്രശ്നമെന്നാണ് പറയുന്നത്. അതുകൊണ്ടാണ് ഞാൻ ഈ റീൽ പോസ്റ്റ് ചെയ്യുന്നത്! ഈ വിഡിയോയിൽ മാന്യമായിട്ടാണ് വസ്ത്രം ധരിച്ചിരിക്കുന്നത്. ഇനി പറയൂ, ഞാൻ എങ്ങനെ വസ്ത്രം ധരിക്കുന്നു എന്നതാണോ കുഴപ്പം അതോ ആളുകള്‍ അത് എങ്ങിനെ കാണുന്നു എന്നതാണോ?’ യുവതി പോസ്റ്റിനടിയില്‍ കുറിച്ചു. വിഡിയോക്ക് താഴെ യുവതിക്ക് പിന്തുണയുമായി ധാരാളം ആളുകളാണ് എത്തുന്നത്.
അതേസമയം എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന ചോദ്യവുമായും ആളുകള്‍ എത്തുന്നുണ്ട്. അതിനു മറുപടിയായി മറ്റൊരു വിഡിയോയും യുവതി പോസ്റ്റ് ചെയ്തു. താന്‍ കഴിഞ്ഞ ദിവസം ഓണാഘോഷം കഴിഞ്ഞ് ബസില്‍ വരുമ്പോളാണ് സംഭവം നടന്നതെന്ന് യുവതി വിഡിയോയില്‍ പറയുന്നു. ‘ഈ വിഡിയോ ഇത്രയും റീച്ചാകുമെന്നോ ചര്‍ച്ചയാകുമെന്നോ ഞാന്‍ വിചാരിച്ചിരുന്നില്ല. 80% പേരും തന്നെ പിന്തുണയ്ക്കുമ്പോള്‍ 20% പേര്‍ അയാളെ പിന്തുണയ്ക്കുന്നു, അവരോടാണ് എനിക്ക് പറയാനുള്ളത്’ യുവതി പറഞ്ഞു തുടങ്ങുന്നു.
താന്‍ പ്രതികരിച്ചില്ല എന്ന് പലരും പറയുന്നു എന്നാല്‍ അങ്ങിനെയല്ല, താന്‍ പ്രതികരിക്കുകയും അയാള്‍ ബസില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തതായി യുവതി പറഞ്ഞു. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി. താന്‍ മാന്യമായ രീതിയിലാണ് വസ്ത്രം ധരിച്ചതെന്നും അയാള്‍ വീണ്ടും വീണ്ടും മോശമായി നോക്കിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. തന്‍റെ പ്രൊഫൈലിലുള്ള മറ്റ് വിഡിയോകള്‍ കണ്ട് ആളുകള്‍ കുറ്റപ്പെടുത്തുന്നുവെന്നും എന്നാല്‍ ഇതിലൊന്നും യാതൊരു കഴമ്പുമില്ലെന്നും യുവതി പറയുന്നു.

0 Comments