ഇങ്ങനെ പേടിക്കല്ലെ,പൊലീസ് സാറെ..; കോള്‍ ബ്ലോക്ക് ചെയ്ത് ‘ഇടിയന്‍ സാര്‍’


 കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് അതിക്രൂരമായി മര്‍ദ്ദിച്ചതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനാണ് മര്‍ദ്ദനമേറ്റത്. 2023 ഏപ്രില്‍ അഞ്ചിനായിരുന്നു സംഭവം. മര്‍ദ്ദനത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് മുക്കിയിരുന്നു. സംഭവത്തില്‍ എസ്‌ഐ ഉള്‍പ്പെടെ നാലു പൊലീസുകാര്‍ക്കെതിരെ കേസെടുത്തു.



ചൊവ്വന്നൂരില്‍ വഴിയരികില്‍ നിന്നിരുന്ന തന്റെ സുഹൃത്തുക്കളെ അകാരണമായി പൊലീസുകാര്‍ ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സുജിത്ത് കാര്യം തിരക്കിയതാണ് ക്രൂരമര്‍ദ്ദനത്തിന് ഇടയാക്കിയത്. സുജിത്തിന്റെ ഇടപെടൽ ഇഷ്ടപ്പെടാതിരുന്ന കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ്ഐ നുഹ്മാന്‍ പൊലീസ് ജീപ്പില്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും മർദ്ദിക്കുകയുമായിരുന്നു. സ്റ്റേഷനില്‍ വച്ച് എസ്‌ഐ നുഹ്മാന്‍, സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവരാണ് ദേഹോപദ്രവം ഏല്‍പ്പിച്ചത്.


ഇപ്പോഴിതാ എസ്ഐ നുഹ്മാനെ ഫോണ്‍ വിളിച്ച അനുഭവം പറയുകയാണ് കോണ്‍ഗ്രസ് അനുഭാവികള്‍, സാറെ എന്ന് വിളിച്ച് സംസാരിച്ച് തുടങ്ങുമ്പോള്‍ എസ്ഐ നുഹ്മാന്‍ ബ്ലോക്ക് ചെയ്തും സ്വിച്ച് ഓഫ് ചെയ്തും പോവുകയാണെന്നും ഇങ്ങനെ പേടിക്കരുതെന്നും എസ്ഐ നുഹ്മാന്‍റെ നമ്പര്‍ സഹിതം പ്രചരിക്കുന്ന പോസ്റ്റില്‍ പറയുന്നു. ‘സാറിനോട് സംസാരിക്കാൻ ഉള്ളത് കൊണ്ടല്ലേ സാറേ വിളിക്കുന്നത് എന്താ സാറേ കാൾ ബ്ലോക്ക്‌ ചെയ്തു വയ്ക്കുന്നത്...!ഇതൊക്കെ ശരിയാണോ സാറേ’ എന്നാണ് കുറിപ്പില്‍ കിടക്കുന്നത്.


അതേ സമയം മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്ത് ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത്. കേസ് ഒത്തുതീർപ്പാക്കാൻ പൊലീസ് നേരിട്ടും ഇടനിലക്കാർ വഴിയും പണം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് അദ്ദേഹം മനോരമ ന്യൂസിനോട് വെളിപ്പെടുത്തി.സുജിത്തിന് ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ തൃശൂർ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നല്കി.

Post a Comment

0 Comments