'അവൻ അനുഭവിച്ച വേദന ഇവന്മാരും അറിയണ്ടേ?, കൈകാര്യം ചെയ്യണം. കണ്ണൂരിൽ കാല് കുത്തിയാൽ ഞാൻ'



 യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പൊലീസ് സ്റ്റേഷനില്‍ വച്ച് ക്രൂരമായി മർദിച്ച ഉദ്യോഗസ്ഥർക്കെതിരെ ഭീഷണി പോസ്റ്റുമായി യൂത്ത് കോണ്‍ഗ്രസ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ഫർസിൻ മജീദ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച കേസിലെ പ്രതിയാണ് ഫർസിൻ മജീദ്.


യൂത്ത് കോൺഗ്രസ് ഭാരവാഹിയായ വി.എസ് സുജിത്തിനെ മർദിച്ച പൊലീസുകാരെ എവിടെ കിട്ടിയാലും കൈകാര്യം ചെയ്യണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫർസിൻ മജീദിന്റെ ആഹ്വാനം.


'ആത്മാഭിമാനമുള്ള കോൺഗ്രസ് പ്രവർത്തകർ ഇറങ്ങണം. നമ്മുടെ സഹപ്രവർത്തകൻ അനുഭവിച്ച വേദന ഇവന്മാർ അറിയണ്ടേ..?എവിടെ കിട്ടിയാലും ഇവന്മാരെ കൈകാര്യം ചെയ്യണം. കണ്ണൂരിൽ കാല് കുത്തിയാൽ ഞങ്ങൾ നോക്കിക്കോളാം. ആ കേസ് കൂടി നമുക്ക് അന്തസായി നടത്താം.- ഫർസിൻ മജീദ് കുറിച്ചു.


കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് അതിക്രൂരമായി മര്‍ദ്ദിച്ചതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനാണ് മര്‍ദ്ദനമേറ്റത്. 2023 ഏപ്രില്‍ അഞ്ചിനായിരുന്നു സംഭവം.


മര്‍ദ്ദനത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് മുക്കിയിരുന്നു. സംഭവത്തില്‍ എസ്‌ഐ ഉള്‍പ്പെടെ നാലു പൊലീസുകാര്‍ക്കെതിരെ കേസെടുത്തു. ചൊവ്വന്നൂരില്‍ വഴിയരികില്‍ നിന്നിരുന്ന തന്റെ സുഹൃത്തുക്കളെ അകാരണമായി പൊലീസുകാര്‍ ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സുജിത്ത് കാര്യം തിരക്കിയതാണ് ക്രൂരമര്‍ദ്ദനത്തിന് ഇടയാക്കിയത്. സുജിത്തിന്റെ ഇടപെടൽ ഇഷ്ടപ്പെടാതിരുന്ന കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ്ഐ നുഹ്മാന്‍ പൊലീസ് ജീപ്പില്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും മർദ്ദിക്കുകയുമായിരുന്നു.


സ്റ്റേഷനില്‍ വച്ച് എസ്‌ഐ നുഹ്മാന്‍, സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവരാണ് ദേഹോപദ്രവം ഏല്‍പ്പിച്ചത്. അതേസമയം, മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്ത് ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തി.


കേസ് ഒത്തുതീർപ്പാക്കാൻ പൊലീസ് നേരിട്ടും ഇടനിലക്കാർ വഴിയും പണം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് അദ്ദേഹം മനോരമ ന്യൂസിനോട് വെളിപ്പെടുത്തി.സുജിത്തിന് ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ തൃശൂർ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നല്കി.

Post a Comment

0 Comments