ന്യൂഡല്‍ഹി: അതിസാഹസികമായി വിമാനത്തിന്റെ പിന്‍ചക്രക്കൂടില്‍ രഹസ്യമായി കയറി യാത്രചെയ്ത അഫ്ഗാന്‍ ബാലന്‍ അത്ഭുതമാകുന്നു. ഡല്‍ഹിയില്‍ എത്തിയ കുട്ടിയെ അഫ്ഗാനിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തു. കാബൂളില്‍നിന്നുള്ള അഫ്ഗാനിസ്താന്റെ കെഎഎം എയര്‍ വിമാനത്തില്‍ 13 വയസ്സുകാരന്‍ ഇന്ത്യയിലെത്തിയത്. ലാന്‍ഡിംഗ് ഗിയര് കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യുക അതിസാഹസികമാണ്. കുട്ടിയുടെ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
കാബൂളില്‍ നിന്ന് ഡല്‍ഹിയിലേക്ക് വന്ന യാത്രാവിമാനത്തിന്റെ ചക്ര അറയില്‍ ഒളിച്ചിരുന്ന് യാത്ര ചെയ്ത 13 വയസ്സുകാരനായ അഫ്ഗാന്‍ ബാലനെ ഞായറാഴ്ച വൈകുന്നേരം അതേ വിമാനത്തില്‍ അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചയച്ചു. ഇറാനിലേക്ക് പോകാനുള്ള വിമാനമാണെന്ന് തെറ്റിദ്ധരിച്ചാണ് കുട്ടി അപകടകരമായ ഈ യാത്ര ചെയ്തതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ഹാമിദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കെഎഎം എയറിന്റെ RQ4401 നമ്പര്‍ എയര്‍ബസ് A340 വിമാനത്തിലാണ് ബാലന്‍ ഒളിച്ചുകടന്നത്. സുരക്ഷാ പരിശോധനകള്‍ മറികടന്ന്, മറ്റ് യാത്രക്കാര്‍ക്കൊപ്പം വിമാനത്തില്‍ കയറാന്‍ ശ്രമിച്ച കുട്ടി പിന്നീട് പിന്‍ചക്ര അറയില്‍ ഒളിച്ചുകടക്കുകയായിരുന്നു. 94 മിനിറ്റ് നീണ്ട യാത്രക്കൊടുവില്‍ വിമാനം രാവിലെ 10:20 ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡിംഗ് നടത്തി.

0 Comments