സ്കൂളിൽ നിന്ന് വിനോദയാത്ര പോകാനോ, കൂട്ടുകാരുടെ കൂടെ കറങ്ങാൻ പോകാനോ അനുവാദം ചോദിച്ചാൽ ചില പെൺകുട്ടികളുടെ അച്ഛനമ്മമാർ ഒരു ക്ലീഷേ ഡയലോഗ് പറയാറുണ്ട്. ഇപ്പോൾ പോകണ്ട, കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ കൂടെ പോയാൽ മതിയെന്ന്. അങ്ങനെ പറഞ്ഞ് തന്റെ യാത്രാ മോഹത്തെ മുളയിലേ നുള്ളിക്കളഞ്ഞ അച്ഛനമ്മരോട് കലഹിച്ച് നാടു ചുറ്റുന്ന ട്രക്ക് ഡ്രൈവറെ വിവാഹം കഴിച്ച ഒരു യുവതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടമുള്ളതുകൊണ്ടാണ് ട്രക് ഡ്രൈവറെ വിവാഹം കഴിച്ചതെന്ന് യുവതി പറഞ്ഞുവെന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു.
സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ ഇൻസ്റ്റഗ്രാമിലും, ട്വിറ്ററിലും പ്രചരിച്ച വിഡിയോയിലെ യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഏറെ ചർച്ചകൾ നടന്ന ഘട്ടത്തിൽ ഒരു മാധ്യമപ്രവർത്തകൻ വിഡിയോയ്ക്കു പിന്നിലെ സത്യാവസ്ഥയെക്കുറിച്ച് അന്വേഷിച്ചു. വിഡിയോയിലുള്ളത് യഥാർഥത്തിലുള്ള ഭാര്യയും ഭർത്താവുമല്ലെന്നും ഇരുവരും യുട്യൂബ് കണ്ടന്റ് ക്രിയേറ്റേഴ്സാണെന്നുമായിരുന്നു മാധ്യമപ്രവർത്തകന്റെ കണ്ടെത്തൽ. യുട്യൂബ് കൊമേഡിയനായ ദീപക് പട്ടേലും യുട്യൂബറായ അമൃതയുമാണ് വിഡിയോയിൽ ഭാര്യാഭർത്താക്കന്മാരായി അഭിനയിച്ചതെന്നും തമാശയ്ക്കായി ഒരുക്കിയ വിഡിയോയാണ് തരംഗമായതെന്നും മാധ്യമ പ്രവർത്തകൻ വിശദീകരിക്കുന്നു. വിഡിയോ സ്ക്രിപ്റ്റഡാണ് കേവലം വിനോദത്തിനായി മാത്രം നിർമിച്ച ഒന്ന്. പക്ഷേ അവരുടെ അഭിനയം കണ്ട പലരും വിഡിയോയിലുള്ളത് യഥാർഥ ഭാര്യാഭർത്താക്കന്മാരാണെന്ന് വിശ്വസിച്ചുവെന്നും അദ്ദേഹം പറയുന്നു.
പരസ്പരം കലഹിക്കുന്ന ഭാര്യാഭർത്താക്കന്മാരായാണ് വിഡിയോയിൽ ഇരുവരും അഭിനയിച്ചിരിക്കുന്നത്. ഭർത്താവ് ട്രക്കിന്റെ ഉടമയാണെന്നാണ് താൻ കരുതിയിരുന്നതെന്നും ട്രക്കിന്റെ ഡ്രൈവറാണെന്ന് അറിഞ്ഞില്ലെന്നും ഭാര്യ പരാതി പറയുന്നതാണ് വിഡിയോയിലെ തുടക്കം. മാസത്തിൽ ഒന്നോ രണ്ടോ വട്ടം മാത്രമേ ഭർത്താവിനെ കാണാൻ സാധിക്കുന്നുള്ളൂവെന്നും അവർ പറയുന്നുണ്ട്. വേറെ കാമുകിയുള്ളതു കൊണ്ടായിരിക്കും തന്നെ കാണാൻ വല്ലപ്പോഴും വരുന്നതെന്നു പറഞ്ഞ് അവർ അയാളെ കുറ്റപ്പെടുത്തുന്നുണ്ട്. രണ്ട് ദിവസത്തിനകം മടങ്ങാമെന്നു പറഞ്ഞു യാത്ര പോകുന്നയാൾ നാലാം ദിവസമാണ് മടങ്ങിവരുന്നതെന്നും കാമുകിയെ കാണാൻ പോകുന്നതുകൊണ്ടാണതെന്നും അവർ ആരോപിക്കുന്നു. മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രം നിന്നെ കാണാൻ അവസരം ലഭിക്കുന്ന എനിക്കെങ്ങനെയാണ് മറ്റൊരു പെണ്ണിനെ കാണാൻ പോകാൻ സമയം ലഭിക്കുക എന്നാണ് ഭർത്താവിന്റെ മറു ചോദ്യം. പക്ഷേ അയാളുടെ വിശദീകരണമൊന്നും ഭാര്യയെ തൃപ്തിപ്പെടുത്തുന്നില്ല. അവൾ തന്റെ സംശയത്തിൽ ഉറച്ചു നിൽക്കുന്നതായാണ് വിഡിയോയിലുള്ളത്. ഇരുവരുടെയും സ്വാഭാവിക അഭിനയമായതുകൊണ്ട് അവർ ശരിക്കും ഭാര്യാഭർത്താക്കന്മാരല്ലെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് വിഡിയോ കണ്ടവർ പറയുന്നത്.

0 Comments