‘നെഹ്‌റു രണ്ടുതവണ രാജ്യത്തെ വിഭജിച്ചു; സിന്ധുനദിജല കരാര്‍ യാതൊരു നേട്ടവും ഉണ്ടാക്കിയില്ലെന്ന് അദ്ദേഹം സമ്മതിച്ചിരുന്നു’


 ന്യൂഡൽഹി ∙ പാക്കിസ്ഥാനുമായുള്ള സിന്ധുനദിജല കരാര്‍ കൊണ്ട് ഇന്ത്യയ്ക്ക് യാതൊരു നേട്ടവുമുണ്ടായില്ലെന്ന് ജവഹര്‍ലാല്‍ നെഹ്‌റു സമ്മതിച്ചിരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍ഡിഎയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലായിരുന്നു മോദിയുടെ പരാമര്‍ശമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

‘‘ജവഹർലാൽ നെഹ്‌റു രണ്ടുതവണ രാജ്യത്തെ വിഭജിച്ചു. ആദ്യം റാഡ്ക്ലിഫ് രേഖയിലൂടെ. രണ്ടാമത്, സിന്ധൂനദീജലക്കരാറിലൂടെ നദിയിലെ ജലത്തിന്റെ എണ്‍പതുശതമാനവും പാക്കിസ്ഥാനു നല്‍കിയതുവഴി. ഈ കരാര്‍ കര്‍ഷക വിരുദ്ധമായിരുന്നു. പില്‍ക്കാലത്ത് തന്റെ സെക്രട്ടറിയിലൂടെ, നെഹ്‌റു സ്വന്തം തെറ്റ് അംഗീകരിച്ചുകൊണ്ട് കരാര്‍ യാതൊരു നേട്ടവും ഉണ്ടാക്കിയില്ലെന്ന് സമ്മതിക്കുകയും ചെയ്തു’’ – നരേന്ദ്ര മോദി പറഞ്ഞു.

സിന്ധുനദീജലക്കരാറിലൂടെ നെഹ്‌റു രാജ്യത്തെ വഞ്ചിച്ചുവെന്ന് യോഗത്തിൽ പങ്കെടുത്ത ബിജെപി എംപി ജഗദാംപിക പാൽ ആരോപിച്ചു. വിഷയത്തില്‍ പാര്‍ലമെന്റിന്റെ അംഗീകാരം തേടേണ്ടിയിരുന്നു. മന്ത്രിസഭയുടെയും പാര്‍ലമെന്റിന്റെയും പിന്തുണ തേടാതെ അദ്ദേഹം പാക്കിസ്ഥാനിലേക്ക് പോവുകയും കരാര്‍ ഒപ്പിട്ട് മടങ്ങുകയും ചെയ്തുവെന്നും ജഗദാംപിക പാൽ പറഞ്ഞു.

Post a Comment

0 Comments