ചിരാഗ് എത്രയുംവേഗം വിവാഹം കഴിക്കണമെന്ന് തേജസ്വി; 'എനിക്കും ബാധകം', ചർച്ച നടക്കുന്നുണ്ടെന്ന് രാഹുൽ


 ബിഹാര്‍: തീപിടിച്ച രാഷ്ട്രീയ ചര്‍ച്ചകള്‍ക്കിടെ എല്‍ജെപി നേതാവ് ചിരാഗ് പസ്വാന്റെയും പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെയും വിവാഹക്കാര്യവും ചര്‍ച്ചയാക്കി ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. ബിഹാറില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന 'വോട്ടര്‍ അധികാര്‍ യാത്ര' എട്ടാം ദിവസത്തിലേക്ക് കടന്ന ഞായറാഴ്ചയായിരുന്നു രസകരമായ ഈ ചര്‍ച്ചയും നടന്നത്. ചിരാഗ് പസ്വാന്റെ വിവാഹക്കാര്യവുമായി ബന്ധപ്പെട്ട തേജസ്വിയുടെ പ്രസ്താവന രാഹുല്‍ കൂടി ഏറ്റുപിടിച്ചതോടെയാണ് രസകരമായ സംഭവം നടന്നത്.

ഞായറാഴ്ച രാവിലെ ബിഹാറിലെ പുര്‍ണിയ ജില്ലയില്‍ 'വോട്ടര്‍ അധികാര്‍ യാത്ര' പുനരാരംഭിച്ചതിന് ശേഷമായിരുന്നു ഈ രസകരമായ സംഭാഷണം. വാര്‍ത്താസമ്മേളനത്തില്‍ ചിരാഗ് പാസ്വാനെക്കുറിച്ചുള്ള ഒരു ചോദ്യത്തിനുള്ള തേജസ്വിയുടെ മറുപടി ഇങ്ങനെയായിരുന്നു, 'ചിരാഗ് പാസ്വാനെക്കുറിച്ചല്ല ഇന്നത്തെ നമ്മുടെ ചര്‍ച്ച. വേറെ ഒരുപാട് വിഷയങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാനുണ്ട്. അദ്ദേഹത്തെക്കുറിച്ച് ഇപ്പോള്‍ എന്താണ് പറയേണ്ടത്, അദ്ദേഹം എനിക്ക് ജ്യേഷ്ഠ സഹോദരനാണ്. അങ്ങനെവരുമ്പോള്‍ അദ്ദേഹത്തിന് ഒരു ഉപദേശം നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ട്. അത്, എത്രയും പെട്ടെന്ന് വിവാഹം കഴിക്കണം, എന്നതാണ്.'

തേജസ്വിയുടെ സംഭാഷണം ശ്രദ്ധിച്ചുകൊണ്ട് അടുത്ത് ഇരിക്കുകയായിരുന്ന രാഹുല്‍ ഗാന്ധി ഒരു പുഞ്ചിരിയോടെ ഉടന്‍ പറഞ്ഞു, 'അത് എനിക്കും ബാധകമാണ്.' ഇതോടെ വേദിയിലും സദസ്സിലും ഒരുപോലെ ചിരി പടര്‍ന്നു. അതിന് മറുപടിയായി തേജസ്വി, 'എന്റെ പിതാവ് ലാലു പ്രസാദ് യാദവ് കുറേക്കാലമായി ഇതേക്കുറിച്ച് പറയുന്നുണ്ട്,' എന്ന് പറഞ്ഞപ്പോള്‍ വീണ്ടും രാഹുല്‍ കൂട്ടിച്ചേര്‍ത്തു, 'അതേ, ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.' ഇതോടെ എല്ലാവരും കൂട്ടച്ചിരിയായി.

Post a Comment

0 Comments