സിപിഐഎമ്മിനെ ത‍കർത്ത തൃണമൂലിൻ്റെ വഴിയേ ബിജെപി; ഹിന്ദുത്വയുടെ കൈക്കോടാലിയായി മാറിയ മമതയുടെ 'അധികാരി'


 പതിനഞ്ച് കൊല്ലം നീണ്ട തൃണമൂൽ ഭരണ ത്തിന് അന്ത്യം കുറിച്ച് ബിജെപി ബംഗാളിൽ അധികാരത്തിൽ വരുമ്പോൾ മമത യുഗത്തിന് കൂടി അന്ത്യമാകുന്നുവെന്നാണ് വിലയിരുത്തൽ. സിപിഐഎം നേതൃത്വം നൽകിയ ഇടതുപക്ഷത്തെ 2011ൽ അധികാരത്തിൽ നിന്ന് പുറത്താക്കി സംഘടനാപരമായി ദു‍ർബലപ്പെടുത്തിയ കാലഘട്ടം മറ്റൊരു അ‍‍ർത്ഥത്തിൽ ആവർത്തിക്കപ്പെടുന്നുവെന്ന സൂചനയാണ് ഭരണമാറ്റത്തോടെ ബംഗാളിൽ നിന്ന് വായിച്ചെടുക്കാൻ സാധിക്കുന്നത്. 

ഭരണം കരഗതമായതോടെ സിപിഐഎം അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ ഓഫീസുകൾ കയ്യേറുകയും പ്രവ‍ർത്തകരെ അടിച്ചൊതുക്കുകയും ചെയ്ത തൃണമൂലിൻ്റെ ശൈലി തന്നെ ബിജെപിയും ആവ‍ർത്തിക്കുന്നുവെന്നാണ് സൂചന. തൃണമൂലിൻ്റെ ഓഫീസുകൾ ജെസിബി ഉപയോഗിച്ച് തകർക്കുന്ന ദൃശ്യങ്ങളാണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ബംഗാളിൽ നിന്ന് പുറത്ത് വരുന്നത്. ഇതിനിടെ പരാജയത്തിന് പിന്നാലെ പ്രതിപക്ഷ ഐക്യമെന്ന ആഹ്വാനവുമായി മമത രംഗത്ത് വന്നിട്ടുണ്ടെങ്കിലും സഹകരണത്തിൻ്റെ വാതിൽ തുറക്കില്ലെന്ന നിലപാടിലാണ് സിപിഐഎമ്മും കോൺഗ്രസും. കഴിഞ്ഞ ഒന്നര പതിറ്റാണ്ടത്തെ ഭരണകാലയളവിൽ പ്രതിപക്ഷത്തിരുന്ന കോൺഗ്രസിനോടും സിപിഐഎമ്മിനോടും മമത കാണിച്ചതിൻ്റെ തനിയാവർത്തനം ഭരണമാറ്റത്തോടെ ബിജെപി പുറത്തെടുക്കുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ ഐക്യമെന്ന നിലപാടുമായി മമത രംഗത്ത് വന്നത്.

പരാജയപ്പെട്ടെങ്കിലും തൃണമൂൽ ശക്തമായ പ്രതിപക്ഷമാണെന്ന ചിത്രമാണ് ഇത്തവണത്തെ വോട്ട് ഷെയർ വ്യക്തമാക്കുന്നത്. പരാജയപ്പെട്ടെങ്കിലും ജനപിന്തുണ നഷ്ടമായില്ലെന്ന് വ്യക്തമാകുന്ന വോട്ട് ഷെയർ ഇടതുപക്ഷത്തിനും 2011ൽ ലഭിച്ചിരുന്നു. എന്നാൽ ഇടതുപക്ഷ മുക്ത ബംഗാൾ എന്ന സമീപനം ഭരണത്തിൻ്റെ പിൻബലത്തിൽ മമത നടപ്പിലാക്കിയതോടെയാണ് ഇടതുപക്ഷം പതിയെ പതിയെ ബംഗാളിൽ ദുർബലമാകാൻ തുടങ്ങിയത്. 2011ൽ 184 സീറ്റും 38.93 ശതമാനം വോട്ട് ഷെയറുമായാണ് തൃണമൂൽ അധികാരത്തിൽ എത്തിയത്. സഖ്യകക്ഷിയായിരുന്ന കോൺഗ്രസിന് 42 സീറ്റും 5.62 വോട്ട് ഷെയറും ലഭിച്ചിരുന്നു. ആകെയുള്ള 294 സീറ്റിൽ 226 ഇടത്ത് 48.16 ശതമാനം വോട്ട് നേടിയാണ് തൃണമൂൽ നേതൃത്വം നൽകിയ യുപിഎ വിജയിച്ചത്. 40 സീറ്റിൽ വിജയിച്ച സിപിഐഎമ്മിന് മാത്രം 30.08 ശതമാനം വോട്ട് നേടാൻ അന്ന് സാധിച്ചിരുന്നു. സിപിഐഎം നേതൃത്വത്തിലുള്ള ഇടതുമുന്നണിക്ക് അന്ന് 62 സീറ്റിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്. ഇടതുമുന്നണിയുടെ 24 വർഷത്തോളം നീണ്ട ബംഗാളിലെ ഭരണത്തുടർച്ച അവസാനിച്ചെങ്കിലും വോട്ട് കണക്കുകൾ തിരിച്ചുവരവിൻ്റെ പ്രതീക്ഷകൾ നൽകുന്നതായിരുന്നു. സമാനമായ വോട്ട് കണക്കുകൾ തന്നെയാണ് ഇത്തവണ തൃണമൂലിൽ നിന്ന് ബിജെപിയിലേക്ക് അധികാരമാറ്റം നടക്കുമ്പോഴും ബംഗാളിൽ തെളിഞ്ഞിരിക്കുന്നത്.

Post a Comment

0 Comments