'അധികാരം ഉറപ്പായതോടെ ലീഗ് ഹിന്ദുവിരുദ്ധ നിലപാടിലേക്ക് മാറി; കോലം കത്തിച്ചാലോ വെല്ലുവിളിച്ചാലോ പേടിച്ചോടില്ല'


കൊച്ചി: മുസ്‌ലിം ലീഗിനെ കടന്നാക്രമിച്ച് എസ്എന്‍ഡിപി യോഗം മുഖപത്രം യോഗനാദം. അധികാരക്കസേര ഉറപ്പായതോടെ മുസ്ലിം ലീഗ് കടുത്ത ഹിന്ദു വിരുദ്ധതയിലേക്ക് മാറിയെന്ന് യോഗനാദത്തില്‍ വിമര്‍ശനം. 'മലബാര്‍ കലാപവും മാറാടും ഞങ്ങള്‍ മറക്കില്ല' എന്ന തലക്കെട്ടില്‍ യോഗനാദം മാനേജിംഗ് എഡിറ്റര്‍ വെള്ളാപ്പള്ളി നടേശനാണ് എഡിറ്റോറിയല്‍ എഴുതിയിരിക്കുന്നത്. മുസ്‌ലിം ലീഗ് കടുത്ത ഹിന്ദുവിരുദ്ധ നിലപാടിലേക്ക് മാറിയെന്ന് അവരുടെ സമീപനങ്ങളില്‍ നിന്നും മനസ്സിലാകുമെന്നും എഡിറ്റോറിയല്‍ വിമര്‍ശിച്ചു.

ലീഗിന്റെ മതേതര, ജനാധിപത്യ വിരുദ്ധതയെ എതിര്‍ക്കുന്നവര്‍ ആരായാലും അവരെ മുസ്ലിം വിരുദ്ധ, വര്‍ഗീയവാദി ചാപ്പകുത്തി ഒറ്റപ്പെടുത്താനുള്ള ആസൂത്രിതശ്രമമാണ് ആ സംഘടന അനുവര്‍ത്തിക്കുന്നത്. മുസ്ലിം മതത്തെയല്ല, മുസ്ലിം ലീഗെന്ന സംഘടനയുടെ മതവിവേചനത്തേയും വര്‍ഗീയതയേയും ശക്തമായി എതിര്‍ത്തതിനാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയായ തന്നെ വര്‍ഗീയവാദിയെന്ന് വിളിച്ച് തെരുവില്‍ ആക്ഷേപിക്കുന്നതെന്നും എഡിറ്റോറിയല്‍ വിമര്‍ശിച്ചു. കോലം കത്തിച്ചാലോ വെല്ലുവിളിച്ചാലോ താന്‍ പേടിച്ചോടുമെന്ന ആശ വെറുതെയാണ്. അതിലും വലിയ പെരുന്നാളിന് ബാപ്പ പള്ളിയില്‍ പോയിട്ടില്ല എന്നാണ് വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനം.

യുഡിഎഫ് അധികാരമേറും മുമ്പ് തന്നെ മുസ്ലിം ലീഗ് കേരളം ഭരിച്ചു തുടങ്ങിയ ലക്ഷണമാണ്. സംസ്ഥാന ഭരണത്തിന്റെ മറവില്‍ തീവ്രവാദ ശക്തികള്‍ക്ക് സംരക്ഷണം ഒരുക്കാമെന്ന ലീഗ് നേതാക്കളുടെ മോഹം പുതിയ സര്‍ക്കാര്‍ സാധിച്ചുകൊടുക്കുമോയെന്ന് കാത്തിരുന്ന് കാണാം. മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടക്കുന്ന മതപരമായ വിവേചനത്തിനും അധിനിവേശത്തിനുമെതിരെയും സ്വാഭാവികമായി എസ്എന്‍ഡിപി യോഗം രംഗത്തുവരും. നാളെയും വിമര്‍ശിക്കുമെന്നും എഡിറ്റോറിയയില്‍ പരാമര്‍ശിച്ചു. വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ തൊടുപുഴയില്‍ നടത്തി ലീഗ് പ്രവര്‍ത്തകരുടെ റാലി ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.

Post a Comment

0 Comments