കോട്ടയം ജില്ലയിലെ കൊല്ലാട് ഗ്രാമത്തിന്റെ തനിമ വിളിച്ചറിയിക്കുന്ന അതിമനോഹര കാഴ്ച...’’ കൊല്ലാട് കിഴക്കുപുറം പാടശേഖരത്തിലെ ആമ്പൽ പാടം സന്ദർശിക്കാൻ എത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മനോരമ ഓൺലൈനോടു പറഞ്ഞു.
കൃഷിയും ആമ്പലും ഒരു പോലെ പ്രോത്സാഹിപ്പിക്കേണ്ടതാണ്, ടൂറിസത്തിന്റെ സാധ്യതകൾക്ക് ഊർജം പകരാൻ എംഎൽഎ ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ മുടക്കി ഇവിടേക്കുള്ള വഴിയും വൃത്തിയാക്കിയിരുന്നു. സാധിക്കുന്നവരെല്ലാം ഈ കാഴ്ചകാണാൻ ഇവിടേക്ക് എത്തണമെന്നും എംഎൽഎ പറഞ്ഞു.
കോട്ടയം പട്ടണത്തിൽ നിന്ന് 5 കിലോമീറ്റർ ദൂരത്തിലുള്ള കൊല്ലാട് ഗ്രാമം കണികാണുന്നത് ആമ്പൽ വസന്തമാണ്. ഇതാദ്യമായിട്ടല്ല ഇവിടെ ആമ്പൽ വിരിയുന്നത്. കഴിഞ്ഞ വർഷം സമൂഹ മാധ്യമങ്ങളടക്കം ലഭിച്ച സ്വീകാര്യതയാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. ഈ വർഷവും ഇവിടെ പൂക്കൾ വിരഞ്ഞു തുടങ്ങി. തിരക്കു തുടങ്ങും മുൻപ് ചിത്രങ്ങളെടുക്കാൻ സഞ്ചാരികൾ എത്തിതുടങ്ങിയിട്ടുണ്ട്.
കോട്ടയത്തു നിന്ന് കഞ്ഞിക്കുഴി – കൊല്ലാട് റോഡിൽ ബോട്ട് ജെട്ടി കവലയിൽ എത്തുക. അവിടുന്ന് ഇടത്തോട്ട് തിരിഞ്ഞ് കൊല്ലൻ കവലയിൽ എത്തി വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് പഞ്ചായത്ത് റോഡിലൂടെ തൃക്കേൽ അമ്പലത്തിൽ എത്തണം. ഇതിന്റെ താഴെയാണ് ആമ്പൽ പാടം. ഫോട്ടോഷൂട്ടിനും കാഴ്ചകൾ കാണാനും പ്രിയപ്പെട്ടവർക്കൊപ്പം സമയം ചെലവിടാനും പ്രായഭേദമെന്യേ ഒട്ടേറെ ആളുകളാണ് കഴിഞ്ഞവർഷം ഇവിടേക്ക് ഒഴുകിയെത്തുന്നത്. പ്രദേശവാസികൾ അല്ലാതെ മറ്റാർക്കും അധികം അറിയാതിരുന്ന ഇവിടം ഈ വർഷവും കൂടുതൽ ജനപ്രിയമാകുകയാണ്. സഞ്ചാരികൾക്ക് സൗകര്യം ഒരുക്കി വികസനം എത്തിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. കാഴ്ചക്കാരെ ഇരുകൈയും നീട്ടി സ്വീകരിക്കാൻ പ്രദേശത്തെ കർഷകരും കുടുംബങ്ങളും ഉത്സാഹത്തോടെ മുൻപിലുണ്ട്.
മേയ്, ജൂൺ, മാസത്തിൽ പാടത്തേക്കു വെള്ളം കയറ്റും. ഇതോടെ ചെളിക്കടിയിൽ കിടക്കുന്ന ആമ്പൽ വിത്തുകൾ കിളിർത്ത് വെള്ളത്തിനു മീതെ ഇല വിരിക്കും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് സാധാരണ ആമ്പലുകൾ പാടത്ത് വസന്തം തീർക്കുന്നത്. പൂക്കൾക്ക് ഒക്ടോബർ അവസാനം വരെയേ ആയുസ്സുണ്ടാകൂ. ഒക്ടോബറിൽ കൃഷി സീസൺ തുടങ്ങുമ്പോൾ കർഷകർ പാടങ്ങൾ ഉഴുതു തുടങ്ങും. ആമ്പലുകളുടെ ഇലയും പൂക്കളും നശിക്കുമെങ്കിലും അടുത്ത വർഷത്തെ കരുതലായി പ്രകൃതി തന്നെ വിത്തുകൾ പാടത്തെ ചെളിയിൽ നിക്ഷേപിക്കും. പതിവു പോലെ ജൂലൈ മാസം മുതൽ വീണ്ടും പൂവിടാൻ തുടങ്ങും.ആമ്പൽപൂവ് പൂർണ വളർച്ചയായാൽ കൊഴിയാതെ തണ്ടു വളഞ്ഞ് മെല്ലെ വെള്ളത്തിലേക്കു വീഴും. വിത്തിന്റെ പുറം ഭാഗത്തിനു കറുപ്പുനിറമാണ്. അവ കായിൽ നിന്ന് വേർപെട്ട് ചെളിയിൽ വീണുകിടക്കും.

0 Comments