"ഞാൻ സിന്ദൂര രേഖ എന്ന സിനിമ അഭിനയിച്ച്, അത് പുറത്തു വന്നു കഴിഞ്ഞിട്ട് - അതിൽ 'കാളിന്ദി' എന്നൊരു പാട്ടുണ്ട്, അത് ടിവിയിൽ ഇങ്ങനെ ഇടയ്ക്കിടയ്ക്ക് വരുമായിരുന്നു. അപ്പോൾ രാധിക അത് ഇട്ടു കാണും. പക്ഷെ ഒരു സീൻ വരുമ്പോൾ മാത്രം രാധിക പതുക്കെ എഴുന്നേറ്റ് പോയിക്കളയും. അത് ഒരു നാല്, അഞ്ച് പ്രാവശ്യം ആയപ്പോൾ ഞാൻ ശ്രദ്ധിച്ചു. ഒരു പായ ഒക്കെ വിരിച്ച് രണ്ടു പേരും കൂടെ (സുരേഷ് ഗോപിയും, ചിത്രത്തിലെ നായിക ശോഭനയും) കിടക്കുന്ന ഒരു രംഗമൊക്കെ ഉണ്ട്, അതാണ്," പ്രശസ്ത താരം ഒരു ചെറു ചിരിയോടെ ഓർത്തെടുത്തു.
"അപ്പോൾ ആ സീൻ വരുമ്പോഴൊക്കെ രാധിക എഴുന്നേറ്റ് പോകുമായിരുന്നു. അത് മാത്രമേ ഒരു പൊസ്സസ്സീവ് സ്വഭാവമായി ഞാൻ കണ്ടിട്ടുള്ളു. പക്ഷെ ഇപ്പോൾ രാധികയുടെ അടുത്ത് ചോദിച്ചാൽ പറയും, ശോഭനയെ ആണ് ഏറ്റവും ഇഷ്ടമെന്ന്. "ശോഭനയുടെ കൂടെ അഭിനയിക്കുമ്പോൾ, അയ്യോ ഇവരാണല്ലോ ശെരിക്കും ഭാര്യയും ഭർത്താവും," എന്ന് തോന്നുമെന്ന് രാധിക ഒരുപാട് തവണ എന്നോട് പറഞ്ഞിട്ടുണ്ട്. ഇപ്പോഴും അത് പറയും. അങ്ങനെ ഒരു പ്രത്യേക ഇഷ്ടവും അവൾക്ക് ഉണ്ട്," മലയാളത്തിന്റെ ആക്ഷൻ സ്റ്റാർ പറഞ്ഞു നിർത്തി.
മലയാള സിനിമയിലെ ഏറ്റവും മികച്ച സിനിമ ജോഡികളിൽ പ്രധാനികളാണ് സുരേഷ് ഗോപിയും ശോഭനയും. ഇരുവരും ഒന്നിച്ച് എത്താറുള്ള സിനിമകൾക്ക് ഇന്നും ആരാധകർ ഏറെയാണ്. പദ്മരാജൻ ചിത്രം ഇന്നലെ, സിന്ദൂര രേഖ, എക്കാലത്തെയും ക്ലാസിക് എന്ന് വിശേഷിക്കപ്പെടുന്ന മണിച്ചിത്രത്താഴ്, കമ്മിഷണർ, മകൾക്ക്, തുടങ്ങി ഒട്ടനവധി മികച്ച ചിത്രങ്ങളിൽ ഇരുവരും നായികാനായകന്മാരായി എത്തിയിരുന്നു. സുരേഷ് ഗോപിയും ശോഭനയും അവസാനമായി ഒന്നിച്ച് അഭിനയിച്ചത് 2020ൽ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന റൊമാന്റിക് കോമഡി ചിത്രത്തിന് വേണ്ടിയാണ്.
സുരേഷ് ഗോപിയ്ക്കും രാധികയ്ക്കും അഞ്ച് മക്കളാണ് ഉള്ളത്. മൂത്ത മകൾ ലക്ഷ്മി ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടിരുന്നു. ആൺ മക്കളായ മാധവും ഗോകുലും ഇന്ന് മലയാള സിനിമയിലെ യുവ നടന്മാരാണ്. മൂത്ത മകൾ ഭാഗ്യ സുരേഷ് അടുത്തിടെ വിവാഹിതയായിരുന്നു. ഇളയ മകൾ ഭാവ്നി ഇടയ്ക്ക് മോഡലിംഗ് രംഗത്ത് പ്രത്യക്ഷപ്പെടാറുണ്ട്.

0 Comments