തെരുവുനായ വിഷയത്തില്‍ വീണ്ടും പ്രതികരണവുമായി നടി സദ. നായ്ക്കൾ അക്രമകാരികൾ ആകുന്നതിന് കാരണം മനുഷ്യരുടെ പെരുമാറ്റമാണെന്നും മൃഗങ്ങളോട് എങ്ങനെയാണ് പെരുമാറേണ്ടതെന്ന് കുട്ടികളെ പഠിപ്പിക്കുന്നില്ലെന്നും അതിനാലാണ് അവ കടിക്കുന്നതെന്നും സദ പറയുന്നു. ഒരു കുട്ടി തെരുവുനായയെ സൈക്കിളില്‍ പിന്തുടരുന്നതും പിന്നീട് കല്ലെറിയുന്നതുമായ വിഡിയോ പങ്കുവച്ചുകൊണ്ടാണ് സദയുടെ പ്രതികരണം. നായകളെ സ്നേഹത്തോടെയും അനുകമ്പയോടെും പരിഗണിച്ചാല്‍ അവ മനുഷ്യന്‍റെ ഉറ്റ സുഹൃത്താകുമെന്നും സദ പറഞ്ഞു.
സദയുടെ വാക്കുകൾ: 'നായകള്‍ കുട്ടികളെ കടിക്കുന്നു എന്ന് മാതാപിതാക്കള്‍ പറയുന്നുണ്ടെങ്കില്‍ അതിന് കാരണം ഇതാണ്. കുട്ടികളെ ഒരിക്കലും അനുകമ്പ എന്താണെന്ന് പഠിപ്പിക്കുന്നില്ല, മൃഗങ്ങളോട് എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കുന്നില്ല. അതുകൊണ്ടാണ് നായ്ക്കളാണെങ്കിലും മറ്റേത് മൃഗമാണെങ്കിലും പ്രതിരോധത്തിനായോ പേടി കൊണ്ടോ പ്രതികരിക്കുകയോ കടിക്കുകയോ ചെയ്യുന്നത്. നിങ്ങള്‍ ഒരിക്കലെങ്കിലും ഒരു നായയ്ക്ക് ഭക്ഷണം കൊടുക്കുകയാണെങ്കില്‍ ഏത് ഭീകരമായ സാഹചര്യത്തിലും അത് നിങ്ങളെ രക്ഷിക്കാന്‍ ജീവന്‍ പോലും കൊടുക്കും. നായ്ക്കള്‍ക്ക് കുറ്റകൃത്യം തടയുന്നതില്‍ നിങ്ങളെ സഹായിക്കാനാകും.
മനുഷ്യന്‍റെ ഉറ്റ സുഹൃത്തെന്ന നിലയിലാണ് നായ അറിയപ്പെടുന്നത്. വെറുപ്പോടെയും ക്രൂരതയോടെയുമല്ല, അവരെ സ്നേഹത്തോടെയും അനുകമ്പയോടെയും പരിഗണിച്ചാല്‍ മാത്രമാണ് ഉറ്റ സുഹൃത്താവുക. അതാണ് പ്രശ്നം. ഏതെങ്കിലും നായ കുരയ്ക്കുകയോ നിങ്ങളെ ആക്രമിക്കാന്‍ വരികയോ ചെയ്താല്‍ അതിന് കാരണം അവര്‍ ഒരിക്കലും മനുഷ്യത്വം അനുഭവിക്കാത്തതുകൊണ്ടാണ്, സ്നേഹം അനുഭവിക്കാത്തതുകൊണ്ടാണ്. അവര്‍ മനുഷ്യരെ വിശ്വസിക്കുന്നില്ല. അതിനാല്‍ നിങ്ങളെ ഭീഷണിയായി കാണുകയും പ്രതികരിക്കുകയും ചെയ്യും. അവരോടുള്ള നിങ്ങളുടെ വെറുപ്പിന്‍റെ ഫലമാണത്,' സദ പറഞ്ഞു.
ഡല്‍ഹിയിലെ തെരുവുനായ്ക്കളെ കൂട്ടത്തോടെ ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്ന സുപ്രീംകോടതി ഉത്തരവുകേട്ട് നേരത്തെ പൊട്ടിക്കരയുന്ന വിഡിയോയുമായി സദ രംഗത്തെത്തിയിരുന്നു. നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നതിനായാണ് ഈ ഉത്തരവെന്നും അത് രഹസ്യമാക്കി വയ്ക്കുകയാണ് അധികൃതര്‍ എന്നും താരം ഇന്‍സ്റ്റഗ്രാം വിഡിയോയില്‍ ആരോപിക്കുന്നു. ഏങ്ങലടിച്ച് പൊട്ടിക്കരഞ്ഞാണ് നടി നായ്ക്കളോട് ഇത്രയും ക്രൂരത അധികൃതര്‍ കാണിക്കരുതെന്ന് പറയുന്നത്. എട്ടാഴ്ചയ്ക്കകം സര്‍ക്കാരിനോ തദ്ദേശ സ്ഥാപനങ്ങള്‍ക്കോ മൂന്ന് ലക്ഷത്തോളം വരുന്ന തെരുവുനായ്ക്കളെ ഷെല്‍ട്ടറുകളിലേക്ക് മാറ്റാന്‍ കഴിയില്ലെന്നും സദ പറഞ്ഞു.

0 Comments