കണ്ണൂർ: തീരുവ വർധിപ്പിച്ച അമേരിക്കയുടെ നടപടി ഇന്ത്യയുടെ സാമ്പത്തികമേഖലയ്ക്ക് പൊതുവിലും കേരളത്തിന് പ്രത്യേകിച്ചും വലിയ ദോഷം വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂവിനിയോഗവകുപ്പ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കായി നടത്തുന്ന സമുചിത വിളനിർണയപദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
To advertise here, Contact Us
അമേരിക്കയുടെ നടപടി കയറ്റുമതി ഉത്പന്നങ്ങളെ സാരമായി ബാധിക്കുമെന്നും ഈ പ്രതിസന്ധിയെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽനിന്നുള്ള കാർഷികോത്പന്നങ്ങൾ ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് അമേരിക്ക. കശുവണ്ടി, അരി, പച്ചക്കറികൾ, സംസ്കരിച്ച പഴം, ധാന്യപ്പൊടികൾ തുടങ്ങിയവയുടെ ആകെ കയറ്റുമതിയുടെ 20 ശതമാനത്തിലധികം പോകുന്നത് അമേരിക്കയിലേക്കാണ്. രാജ്യത്തെ ഏറ്റവുമധികം സമുദ്രോത്പന്ന സംസ്കരണയൂണിറ്റുള്ള സംസ്ഥാനവും കേരളമാണ്.
അതുകൊണ്ട് സമുദ്രോത്പന്ന കയറ്റുമതിയിലും അധിക ചുങ്കത്തിന്റെ പ്രത്യാഘാതമുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ലാൻഡ് റിസോഴ്‌സ് ഇൻഫർമേഷൻ സിസ്റ്റം വെബ്‌സൈറ്റ്, സർവേ നമ്പർ അടിസ്ഥാനത്തിലുള്ള അഞ്ചരക്കണ്ടി പഞ്ചായത്ത് വിളഭൂപടം എന്നിവ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. കൂടുതൽ മെച്ചപ്പെട്ട ഉത്പാദനശേഷിയിലേക്ക് കാർഷികമേഖലയെ നയിക്കാനുതകുന്നതാണ് സമുചിത വിളനിർണയ പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

0 Comments