അമ്മ സംഘടനയും ഫിലിം ചേംബറും തമ്മിലുള്ള പ്രശ്നം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ നിൽക്കുമ്പോഴാണ് തിലകന് എതിരായി തനിക്ക് സംസാരിക്കേണ്ടി വന്നതെന്ന് ദിലീപ് പറഞ്ഞു. "അമ്മയുടെ അടുത്ത ജനറൽ ബോഡി യോഗത്തിൽ വച്ച് ഈ പ്രശ്നം മമ്മൂക്കയുടെ സാന്നിധ്യത്തിൽ ഒത്തുതീർപ്പാക്കാൻ നോക്കി. അന്ന് തിലകൻ ചേട്ടൻ വലിയ പ്രശ്നമുണ്ടാക്കി, ആരോ തന്നെ വധിക്കാൻ ശ്രമിച്ചു എന്നൊക്കെ പറഞ്ഞ് പോലീസുമായിട്ടാണ് വന്നത്.
ആ സംഘടനയിലെ എല്ലാവരും അദ്ധേഹത്തിന്റെ മക്കളെ പോലെ ഉള്ളവരാണ്. മമ്മൂക്ക തിലകൻ ചേട്ടനോട് സംസാരിക്കാൻ ശ്രമിച്ചു, "നിങ്ങൾ ഞങ്ങൾക്ക് അച്ഛനെ പോലെയാണ്," എന്നൊക്കെ അദ്ദേഹം പറഞ്ഞു നോക്കി," ദിലീപ് വെളിപ്പെടുത്തി.
"അങ്ങനെ പറഞ്ഞു പറഞ്ഞ് മമ്മൂക്ക കരഞ്ഞു പോയി. അപ്പോൾ തിലകൻ ചേട്ടൻ ചാടിയെഴുന്നേറ്റ് "ഇത് കള്ള കണ്ണീരാണ്... ഞാൻ ആരെയും വഞ്ചിച്ചിട്ടില്ല," എന്നൊക്കെ പറഞ്ഞ് സംസാരിച്ചപ്പോൾ എനിക്ക് ഭയങ്കര വിഷമമായിപ്പോയി. എല്ലാവരും മിണ്ടാതിരിക്കുകയാണ്. ഞാൻ അവിടുന്ന് ചാടിയെഴുന്നേറ്റു. എന്നിട്ട് തിലകൻ ചേട്ടനോട് കൈചൂണ്ടി ഞാൻ സംസാരിച്ചു, "നിങ്ങളാണ് തെറ്റ് ചെയ്തത്. ഞാൻ നിങ്ങളുടെ സിനിമയിൽ മകനായി അഭിനയിക്കുമ്പോൾ അച്ഛാ എന്ന് വിളിച്ചിട്ടുള്ളത്, എന്റെ മനസ്സറിഞ്ഞിട്ടാണ്. ആ വലിയ മനുഷ്യൻ (മമ്മൂട്ടി) അത് പറയുമ്പോൾ നിങ്ങൾ അതിനെ ന്യായീകരിക്കരുത്," എന്നൊക്കെ പറഞ്ഞു. എന്തൊക്കെയാ പറഞ്ഞതെന്ന് പോലും ഓർമ്മയില്ല," ദിലീപ് കൂട്ടിച്ചേർത്തു.
"അന്ന് തിലകൻ ചേട്ടൻ എന്നെ അടിമുടി നോക്കിയ നോട്ടം ഇന്നും എന്റെ മനസ്സിലുണ്ട്. അപ്പോഴാണ് ഞാൻ എന്റെയീ കൈ പോലും ശ്രദ്ധിക്കുന്നത്. കാരണം എന്താണ് അങ്ങനെ സംഭവിച്ചതെന്ന് എനിക്കറിയില്ല. എന്നെ കുറെ പേര് പിടിച്ചു കൊണ്ടുപോയി. പൊന്നമ്മ ചേച്ചിയൊക്കെ പറഞ്ഞു, "നിന്റെ ഇങ്ങനെയൊരു മുഖം കണ്ടിട്ടില്ലല്ലോ," എന്ന്. പിന്നീട് ആ രാത്രിയിൽ തിലകൻ ചേട്ടനെ പോലെ ഒരാളോട് അങ്ങനെ പറയാൻ പാടില്ലായിരുന്നു എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്," നടൻ പറഞ്ഞു. പിന്നീട് തിലകനെ അനുനയിപ്പിക്കാൻ താൻ ശ്രമിച്ചിരുന്നുവെന്നും, കാണുമ്പോൾ സംസാരിക്കാറുണ്ടെന്നും ദിലീപ് അവകാശപ്പെട്ടു.
ഇന്ത്യൻ റുപീ എന്ന സിനിമ കണ്ടതിന് ശേഷം, ഒരു ചടങ്ങിൽ വച്ച് തിലകനെ കണ്ടപ്പോൾ അദ്ധേഹത്തിന്റെ പ്രകടനം നന്നായിയെന്ന് താൻ പറഞ്ഞിരുന്നു എന്നും, അതിന് അദ്ദേഹം നന്ദി പറഞ്ഞുവെന്നും നടൻ വെളിപ്പെടുത്തി. തിലകന്റെ 'അഹങ്കാരം' തനിക്ക് ഇഷ്ടമാണെന്നും, അദ്ദേഹം തന്നെ എന്ത് പറഞ്ഞാലും പ്രശ്‌നമില്ലെന്നും, ദിലീപ് ആവർത്തിച്ചു. എന്നാൽ മരണം വരെയും ദിലീപിനോട് സന്ധി ചെയ്യാൻ മലയാള സിനിമയുടെ പെരുന്തച്ചൻ തയ്യാറായില്ല എന്നതായിരുന്നു സത്യം.

0 Comments