സ്വർണം എന്നത് ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ വലിയ രീതിയിൽ സ്വാധീനിക്കും. ഏറ്റവും മികച്ച നിക്ഷേപം എന്ന നിലയിൽ എല്ലാ രാജ്യങ്ങളും സ്വർണത്തെ കാണുന്നുണ്ട്. സ്വർണവില നാൾക്കുനാൾ ഉയരുന്നത് ആശങ്കയുണർത്തുന്നതിനാൽ ഇന്ത്യയിലെ സ്വർണ ഉത്പാദനം വർധിപ്പിക്കാനുള്ള നീക്കങ്ങളിലാണ് ഭരണകൂടം. അതിനിടെ ഇതാ രാജ്യത്തിന്റെ തലവരെ തന്നെ മാറ്റിമറിക്കുന്ന രീതിയില്‍ രാജസ്ഥാൻ സ്വർണ ഹബ്ബായി മാറുന്നു എന്നാണ് റിപ്പോർട്ടുകൾ. രാജസ്ഥാനിലെ ബൻസ്വാര മേഖലയാണ് വലിയ സ്വർണ ശേഖരവുമായി ഭാഗ്യം കൊണ്ടു വരുന്നത്.
തെക്കൻ രാജസ്ഥാനിലാണ് ബൻസ്വാര ജില്ല സ്ഥിതി ചെയ്യുന്നത്. ബൻസ്വാരയിലെ വിവിധ മേഖലകളിലായി വലിയ രീതിയിലുള്ള സ്വർണ നിക്ഷേപം കഴിഞ്ഞ പതിറ്റാണ്ടുകളിലായി കണ്ടെത്തിയിരിക്കുകയാണ്. ഘണ്ടോളിലെ ജഗ്പുര–ഭൂകിയ എന്നിവിടങ്ങളിൽ സ്വർണശേഖരം കണ്ടെത്തിയതിനു ശേഷം ഇപ്പോൾ കങ്കാരിയിൽ സ്വർണ്ണഖനനം ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിച്ചു വരുന്നു. ഇവിടെ മൂന്ന് ചതുരശ്ര കിലോമീറ്റർ വിസ്തൃതമായ മേഖലയിൽ സ്വർണ അയിര് വ്യാപിച്ചു കിടക്കുന്നുണ്ട് എന്നതിന്റെ സൂചനകളാണ് ആദ്യ സർവേകളിൽ ലഭിക്കുന്നത്.
1990 -91 കാലഘട്ടത്തിലാണ് ബൻസ്വാര ജില്ലയിലെ സ്വർണ നിക്ഷേപത്തെക്കുറിച്ച് ആദ്യം കണ്ടെത്തിയത്. ജഗ്പുര -ഭൂകിയ മേഖലയിലെ 10 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന സ്വർണ്ണശേഖരത്തിൻ്റെ ഏകദേശ കണക്കുകൾ എടുത്തത് പ്രകാരം ഖനന ലൈസൻസുകൾ നൽകുന്നതിനുള്ള പ്രക്രിയ സർക്കാർ ആരംഭിച്ചു. ഈ സ്ഥലത്ത് നിന്നുള്ള ഒരോ ടൺ അയിരിലും ഏകദേശം 1.945 ഗ്രാം സ്വർണം അടങ്ങിയിട്ടുണ്ടെന്നാണ് പരിശോധനകൾ തെളിഞ്ഞിരിക്കുന്നത്. ഇതനുസരിച്ച് ഏകദേശം 120 ടൺ സ്വർണം ഈ മേഖലയിൽ ഉണ്ടായിരിക്കാം എന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടൽ. ഈ കണക്കുകൾ ശരിയായി വന്നാൽ ആയിരക്കണക്കിന് കോടികളുടെ വരുമാനമാണ് ഉണ്ടാക്കാൻ കഴിയുന്നത്.
2 -3 ബില്യൺ വർഷങ്ങൾക്കു മുൻപ് രൂപീകൃതമായ പാറകളാണ് ബൻസ്വാരയിൽ ഉള്ളത്. കർണാടകയിലെ കോലാർ സ്വർണ്ണഖനി സ്ഥിതിചെയ്യുന്ന പ്രദേശത്തുള്ളതിന് സമാനമായ വോൾകാനിക് -സെഡിമെൻ്ററി പാറകളാണ് ഇവ. ഭൂഗർഭത്തിൽ നിന്നുള്ള ചൂടുനീര് ഈ പാറകളിലെ വിള്ളലുകളിൽ കൂടി വലിയ മർദ്ദത്തിൽ കടന്നുപോകുന്നു. സ്വർണ്ണവും മറ്റു ധാതുക്കളും അടങ്ങിയ ഈ ജലം വിള്ളലുകൾക്കുള്ളിൽ തങ്ങി തണുക്കുന്നതോടെ സ്വർണവും ക്വാർട്സും മറ്റ് ധാതുക്കളുടെയും ശേഖരം അവയ്ക്കുള്ളിൽ രൂപീകൃതമായി. ദശലക്ഷക്കണക്കിന് വർഷങ്ങളായി ഈ പ്രക്രിയ തുടർന്നതിന്റെ ഫലമായി പാറകളുടെ പാളികൾക്കുള്ളിൽ ഇത്തരത്തിൽ വലിയതോതിൽ സ്വർണ നിക്ഷേപം ഉണ്ടാവുകയായിരുന്നു.
ADVERTISEMENT
ഇത്രയധികം സ്വർണം ഖനനം ചെയ്തെടുക്കാൻ സാധിക്കുന്നതിലൂടെ സർക്കാരിന് കൂടുതൽ വരുമാനം നേടാനാവുന്നതിനൊപ്പം പ്രാദേശികമായി വലിയ രീതിയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും എന്നതാണ് മറ്റൊരു പ്രധാന കാര്യം. കർണാടകയ്ക്കും ആന്ധ്രാപ്രദേശിനും ശേഷം ഇന്ത്യയിലെ ഏറ്റവും മികച്ച സ്വർണ ഉൽപാദക സംസ്ഥാനങ്ങളിലൊന്നായി രാജസ്ഥാൻ ഉടൻ മാറുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ഖനനത്തിനായി തിരഞ്ഞെടുക്കപ്പെട്ട കമ്പനി ലൈസൻസ് നേടുന്നതിനുള്ള തുക സർക്കാരിൽ കെട്ടിവച്ച് അന്തിമ അനുമതിക്കായുള്ള കാത്തിരിപ്പിലാണ്. രാജസ്ഥാനിൽ മറഞ്ഞിരിക്കുന്ന കോടാനുകോടികളുടെ സ്വർണം ശേഖരിക്കാനായാൽ രാജ്യത്തെ സാമ്പത്തിക രംഗത്തിന്റെ തലവര മാറുമെന്നാണ് നിഗമനം.
English Summary:
Rajasthan gold discovery is poised to reshape India's economic landscape. The discovery of significant gold reserves in the Banswara region could potentially transform Rajasthan into a leading gold-producing state, boosting revenue and creating numerous employment opportunities.

0 Comments