പിറന്നാളുകൾ ആഘോഷിക്കുന്നത് വളരെ സന്തോഷകരമാണ്. കുഞ്ഞുങ്ങളുടെ പിറന്നാൾ ആണെങ്കിൽ മാതാപിതാക്കൾ അത്രയേറെ സന്തോഷത്തിൽ ആയിരിക്കും. ഏറ്റവും മികച്ച സമ്മാനം തന്നെ കുഞ്ഞുങ്ങൾക്ക് നൽകാൻ ആയിരിക്കും ഓരോ മാതാപിതാക്കളും ശ്രമിക്കുക. അത്തരത്തിൽ ഒന്നാം പിറന്നാളിന് കുഞ്ഞുമകൾക്ക് അച്ഛനും അമ്മയും നൽകിയ സമ്മാനം കണ്ട് സോഷ്യൽ മീഡിയ വരെ അമ്പരന്നു പോയി. മറ്റൊന്നുമല്ല, പ്രിയമകൾക്ക് ഒരു കസ്റ്റം പിങ്ക് റോൾസ് റോയ്സ് കാറാണ് സമ്മാനമായി നൽകിയത്.
മാതാപിതാക്കളിൽ നിന്ന് ആദ്യപിറന്നാളിന് തന്നെ കുഞ്ഞിന് സമ്മാനമായി ലഭിച്ചത് റോൾസ് റോയ്സ് കാർ. ഇന്ത്യൻ വ്യവസായിയായ സതിഷ് സൻപാൽ ആണ് മകൾ ഇസബെല്ല സൻപാലിന് ഒന്നാം പിറന്നാൾ സമ്മാനമായി റോൾസ് റോയ്സ് കാർ നൽകിയത്. അനക്സ് ഡെവലപ്മെൻ്റ്സ് സ്ഥാപകനായ സതിഷ് മകളുടെ ഒന്നാം പിറന്നാളിന് അതിമനോഹരവും ആഡംബരം നിറഞ്ഞതുമായി ഒരു പിറന്നാൾ പാർട്ടി തന്നെ ആയിരുന്നു ഒരുക്കിയത്.
ദുബായിലെ അറ്റ്ലാന്റിസിൽ വെച്ച് നടന്ന ആഡംബരം നിറഞ്ഞ പിറന്നാൾ ആഘോഷ പരിപാടിയിൽ തമന്ന ഭാട്ടിയ, റാഹത്ത് ഫത്തേ അലി ഖാൻ, നോറ ഫത്തേഹി എന്നീ താരങ്ങളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
ഭാര്യ തബിൻഡ സൻപാലിന് ഒപ്പമെത്തിയാണ് മകൾ ഇസബെല്ലയ്ക്ക് കസ്റ്റം പിങ്ക് റോൾസ് റോയ്സ് കാറിന്റെ താക്കോൽ സമ്മാനിച്ചത്. മെറ്റാലിക് പിങ്ക് റോൾസ് റോയ്സ് കാറിന്റെ ഇന്റീരിയറും പിങ്ക് നിറത്തിൽ ആയിരുന്നു ഒരുക്കിയത്. ഇൻസ്റ്റഗ്രാമിൽ ഇസബെല്ലയുടെ അക്കൗണ്ടിന് ആയിരക്കണക്കിന് ഫോളോവേഴ്സ് ആണുള്ളത്. ആഡംബര ബ്രാൻഡുകളുടെ ഔട്ട്ഫിറ്റ് ധരിച്ചുള്ള ഇസബെല്ലയുടെ ചിത്രങ്ങൾ നേരത്തെയും സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയിരുന്നു.

0 Comments