അടുത്തിടെയാണ് തന്റെ മകൾ വിസ്മയ സിനിമയിലേക്ക് അരങ്ങേറാൻ പോവുകയാണെന്ന് നടൻ മോഹൻലാൽ സോഷ്യൽമീഡിയ പോസ്റ്റിലൂടെ അറിയിച്ചത്. ഒരിക്കലും ആരാധകർ ഇങ്ങനൊരു പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നില്ല. വിസ്മയയ്ക്ക് സിനിമ താൽപര്യമില്ലെന്നാണ് മോഹൻലാൽ ആരാധകർ കരുതിയിരുന്നത്. എന്നാൽ സിനിമ ചെയ്യണമെന്ന ആഗ്രഹം മകൾ ഇങ്ങോട്ട് പ്രകടിപ്പിച്ചതാണെന്ന് മോഹൻലാൽ പറയുന്നു. ന്യൂസ് 18 കേരളയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
അവർക്കൊരു സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹം പറഞ്ഞു. സ്കൂൾ കാലം മുതൽ ആക്ടിങ് ചെയ്യുന്ന കുട്ടിയാണ്. ആക്ടിങ് കോഴ്സുകൾ ചെയ്തിട്ടുണ്ട്. ഡാൻസ് കോഴ്സുകൾ ചെയ്തിട്ടുണ്ട്. പെയിന്റിങ് കോഴ്സുകൾ ചെയ്തിട്ടുണ്ട്. ഒരുപാട് കാര്യങ്ങൾ പഠിക്കുന്ന ഒരു കുട്ടിയാണ്. ഒരു മാർഷ്വൽ ആർട്ട് പഠിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഒരുപാട് കാര്യങ്ങൾ ചെയ്യുന്ന കുട്ടിയാണ്.
ഒരു സിനിമയിൽ അഭിനയിക്കാനുള്ള താൽപര്യം ആ കുട്ടി എന്നോട് പ്രകടിപ്പിച്ചു. അതും തുടർച്ചയായി അഭിനയിക്കണം എന്ന് പറഞ്ഞിട്ടില്ല. ഒരു സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നാണ് പറഞ്ഞത്. ഒരുപക്ഷെ പ്രണവ് അഭിനയിച്ച് കണ്ടതുകൊണ്ടായിരിക്കാം. ഞാൻ അഭിനയിക്കാൻ പ്രിപ്പേർഡാണെന്ന് പറഞ്ഞപ്പോൾ ജൂഡ് ആന്റണിയുടെ ഒരു കഥ വിസ്മയയ്ക്ക് പറ്റുന്നതാണെന്ന് തോന്നി. അതും മാർഷ്വൽ ആർട്ടുമായി ബന്ധപ്പെട്ട കഥയാണ്.
ആ കഥ കുട്ടിയോടും പറഞ്ഞു. ഞങ്ങളും കേട്ടു. അങ്ങനെയാണ് അത് ചെയ്യാമെന്ന തീരുമാനത്തിലേക്ക് എത്തുന്നത്. ആ സിനിമ ഇനി ഉണ്ടാകണം, അഭിനയിക്കണം, റിലീസാകണം. അതൊരു പ്രോസസാണ്. പ്രണവും ഇതുപോലെയായിരുന്നു. അയാളും സ്കൂളിലെ ബെസ്റ്റ് ആക്ടറൊക്കെ ആയിരുന്നു. പക്ഷെ സിനിമയോട് അധികം താൽപര്യമൊന്നും ഉണ്ടായിരുന്നില്ല.

0 Comments