ചെറുപ്പത്തിൽ കാലുകൾ പുറത്തു കാണിക്കാൻ മടി, മുതിർന്നപ്പോൾ ആ ചിന്ത മാറി: സണ്ണി ലിയോണി


 ഒരു കാലത്ത് തന്റെ കാലുകൾ പുറത്തു കാണുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും സാധിച്ചിരുന്നില്ലെന്നന്ന് ബോളിവുഡ് താരവും മോഡലുമായ സണ്ണി ലിയോണി. ശരീരത്തെ സ്നേഹിക്കാനും ആത്മവിശ്വാസത്തോടെ കൊണ്ടു നടക്കാനും മുതിർന്നപ്പോഴാണ് ശീലിച്ചതെന്നും സണ്ണി ലിയോണി പറയുന്നു. ബോഡി പോസിറ്റിവിറ്റി എന്ന ആശയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു സണ്ണി. 

സ്വന്തം ശരീരത്തെ ആത്മവിശ്വാസത്തോടെ കൊണ്ടു നടക്കാൻ ചില്ലറ ധൈര്യമൊന്നും പോരെന്നും പണ്ട് ഏറെ വെറുത്തിരുന്നൊരു കാര്യം ഇന്ന് ഏറെ ഇഷ്ടത്തോടെ ചെയ്യാൻ കഴിയുന്നതിൽ സന്തോഷം തോന്നുന്നുണ്ടെന്നും പറഞ്ഞുകൊണ്ടാണ് സണ്ണി ലിയോണി ചെറുപ്പകാലത്ത് അനുഭവിച്ച അപകർഷതാ ബോധത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. ‘വെള്ളക്കാരുടെ മക്കൾ പഠിച്ചിരുന്ന സ്കൂളിൽ പഠിച്ചതുകൊണ്ട് സഹപാഠികളുമായി ഞാൻ എന്നെത്തന്നെ താരതമ്യം ചെയ്തിരുന്നു. അവരേക്കാൾ നിറം കുറഞ്ഞ പഞ്ചാബിയായ എനിക്ക് എന്റെ നിറം കുറഞ്ഞ കാലുകൾ പുറത്തു കാണുന്നതിഷ്ടമല്ലായിരുന്നു.’- ഒരു മാധ്യമത്തിനനുവദിച്ച അഭിമുഖത്തിൽ സണ്ണി പറഞ്ഞു. 

മുതിർന്നപ്പോൾ അപകർഷതാബോധം മാറിയെന്നും കാലിന്റെ നിറം അത്ര മോശമല്ലെന്നും അതു പുറത്തു കാട്ടുന്നതിൽ ഒരു പ്രശ്നവുമില്ലെന്നും തിരിച്ചറിഞ്ഞു. അന്നു മുതൽ ഷോർട്സും കുട്ടിപ്പാവാടകളും സന്തോഷത്തോടെ ഇട്ടു തുടങ്ങി. അന്നു മുതൽ കാലുകൾ പുറത്തു കാണിക്കാന്‍ മടിയില്ലാതായെന്നും സണ്ണി വ്യക്തമാക്കി. 

സൗന്ദര്യം നിലർനിർത്താനായി കോസ്മെറ്റിക് ചികിത്സകൾക്ക് വിധേയരാകുന്നതിൽ തെറ്റില്ലെന്നാണ് സണ്ണിയുടെ പക്ഷം. കുത്തിവയ്പുകളോ, ഫിൽറ്ററുകളോ, ലേസർ ട്രീറ്റ്മെന്റുകളോ, സ്കിൻ ടൈറ്റനിങ് ചികിൽസകളോ എടുക്കാം. പക്ഷേ, അതിനറങ്ങി പുറപ്പെടും മുൻപ് കൃത്യമായ പഠനം നടത്തണം. വിദഗ്ധരായ ഡോക്ടർമാരുടെ സേവനം തേടണമെന്നും സണ്ണി ഓർമിപ്പിക്കുന്നു. 

സൗന്ദര്യം നിലനിർത്താൻ ആഗ്രഹിക്കുന്നവർ ഭക്ഷണകാര്യത്തിൽക്കൂടി ശ്രദ്ധിക്കണമെന്നും സണ്ണി പറയുന്നു. ഇപ്പോൾ മാംസ ഭക്ഷണം പൂർണമായി ഉപേക്ഷിച്ചെന്നും അവർ പറയുന്നു. മാംസത്തിലടങ്ങിയിരിക്കുന്ന ഹോർമോണുകളും പ്രിസർവേറ്റീവുകളും ശരീരത്തിനു നല്ലതല്ലെന്നു കരുതുന്നതായും സണ്ണി ലിയോണി വ്യക്തമാക്കി. ആരോഗ്യത്തോടെ വ്യായാമമൊക്കെ ചെയ്ത് നല്ല ഭക്ഷണം കഴിച്ച് നന്നായിരിക്കുക എന്നതാണ് തന്നെ സംബന്ധിച്ച് പെർഫക്ട് ജീവിതമെന്നും അവർ പറയുന്നു

Post a Comment

0 Comments