അടൂർ: ആടിനെ വിൽക്കാനുണ്ടെന്ന ഫെയ്സ് ബുക്ക് പോസ്റ്റ് കണ്ട് ബന്ധപ്പെട്ട വിവാഹിതയെ പീഡിപ്പിച്ച് ഗർഭിണിയാക്കി മുങ്ങിയ യുവാവ് അറസ്റ്റിൽ. കണ്ണൂർ തളിപ്പറമ്പ് എരുവേശി തുരുത്തേൽ വീട്ടിൽ അഖിൽ അശോകനെ(27) ആണ് അടൂർ പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ മേയിലാണ് സംഭവം. രണ്ടു കുട്ടികളുള്ള യുവതിയുടെ ഭർത്താവ് മരിച്ചതാണ്.
To advertise here, Contact Us
ഫെയ്‌സ്‌ബുക്കിൽ അഖിൽ അശോകൻ ആടുവിൽപ്പനയുമായി ബന്ധപ്പെട്ട് തന്റെ നമ്പരോടുകൂടി ഒരു പോസ്റ്റിട്ടിരുന്നു. ഇതു കണ്ട യുവതി ഈ നമ്പരിൽ ബന്ധപ്പെട്ടു. ഇത് പരിചയമായി മാറി. വിവാഹം ചെയ്തുകൊള്ളാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച അഖിൽ അടൂരിലെത്തി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇതിനിടയിൽ യുവതി ഗർഭിണിയായി. ഗർഭനിരോധിത ഗുളികകൾ യുവതിക്ക് നൽകി ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ വിജയിച്ചില്ല. ഇതോടെ അഖിൽ കടന്നുകളയുകയായിരുന്നു.
യുവതി അടൂർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അടൂർ ഡിവൈഎസ്‌പി ജി. സന്തോഷ് കുമാർ, എസ്എച്ച്ഒ ശ്യാം മുരളി, എസ്ഐമാരായ സുനിൽ കുമാർ, രാധാകൃഷ്ണൻ, എസ്‌സിപിഒ ശ്രീജിത്ത്, സിപിഒമാരായ എസ്.ഒ. ശ്യാംകുമാർ, ആർ. രാജഗോപാൽ, രാഹുൽ ജയപ്രകാശ് എന്നിവർ ചേർന്നാണ് അഖിൽ അശോകനെ അറസ്റ്റുചെയ്തത്. നിലവിൽ ഗർഭസ്ഥ ശിശുവിന്റെ അവസ്ഥ മോശമായതിനാൽ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

0 Comments