സിയ എന്ന ക്ലോത്തിംഗ് ബ്രാൻഡുമായി ബിസിനസ് രംഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് അഹാന കൃഷ്ണ, ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണ, സിന്ധു കൃഷ്ണ എന്നിവർ. ഒരു വർഷത്തെ തയ്യാറെടുപ്പിന് ശേഷം ഇൻഫ്ലുവൻസേർസ് കുടുംബം ബിസിനസ് സംരഭവുമായി മുന്നോട്ടേക്ക് വന്നത്. ലിമിറ്റഡ് കലക്ഷൻ സാരികൾ ഇവർ വെബ്സെെറ്റിലൂടെ വിൽപ്പനയ്ക്കെത്തിക്കുന്നു. ആഗസ്റ്റ് 14 നാണ് സാരി ബ്രാൻഡ് ലോഞ്ച് ചെയ്തത്. രണ്ട് ദിവസത്തിനുള്ളിൽ പലരെയും അത്ഭുതപ്പെടുത്തുന്ന ബിസിനസ് നേട്ടമാണ് ഇവർക്കുണ്ടായിരിക്കുന്നത്.
പല സാരികളും ഔട്ട് ഓഫ് സ്റ്റോക്കായി. പെട്ടെന്നാണ് സെയിൽ നടക്കുന്നത്. സാധാരണക്കാരെ പരിഗണിക്കാത്ത വിലയാണ് സാരികൾക്കെന്ന് വിമർശനം വന്നെങ്കിലും ഈ വിമർശനങ്ങൾ ബിസിനസിനെ ബാധിച്ചില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. മികച്ച കലക്ഷനുകളാണ് സിയയിലുള്ളത്. സെയിലിനപ്പുറം സിയക്ക് പൊതുജനങ്ങൾക്കിടയിൽ ലഭിച്ച റീച്ച് കൗതുകരമാണ്.
രണ്ട് ദിവസത്തിനുള്ളിൽ സിയ എന്ന ബ്രാൻഡും ഇവരുടെ സാരികളും ജനങ്ങളുടെ ചർച്ചാ വിഷയമായി. സോഷ്യൽ മീഡിയയിൽ അഹാനയ്ക്കും കുടുംബത്തിനുമുള്ള ജനശ്രദ്ധയാണ് ഇതിന് കാരണം. വലിയ പ്രൊമോഷനോ ഹെെപ്പോ ബിസിനസ് സംരഭത്തിന് അഹാന കൊടുത്തിട്ടില്ല. രണ്ട് ദിവസം മുമ്പ് സസ്പെൻസ് നിറച്ച് ഒരു പോസ്റ്റും പിന്നീട് സിയ വെബ്സെെറ്റിന്റെ ലോഞ്ചിംഗും.
വലിയ ബഹളമൊന്നുമില്ലാതെ വന്ന ഒരു ബ്രാൻഡ്. എന്നാൽ പെട്ടെന്നാണ് സിയക്ക് ജനശ്രദ്ധ ലഭിച്ചത്. പല സിനിമാ താരങ്ങളും ഒരു ബിസിനസ് സംരംഭം തുടങ്ങുമ്പോൾ വലിയ പ്രൊമോഷനുകൾ നടത്താറുണ്ട്. തെന്നിന്ത്യൻ താരറാണി നയൻതാരയും ബിസിനസ് രംഗത്തേക്ക് വന്നപ്പോൾ വലിയ ഹെെപ്പ് നൽകി. പാെതുവെ മീഡിയകളിൽ നിന്നും പരമാവധി മാറി നിൽക്കുന്ന ആളാണ് നയൻതാര. സിനിമകളുടെ പ്രൊമോഷന് പോലും ഇക്കാരണത്താൽ വരാറില്ല.
എന്നാൽ സ്വന്തം ബിസിനസ് തുടങ്ങിയപ്പോൾ പ്രൊമോഷൻ അവഗണിക്കാൻ നയൻതാരയ്ക്കായില്ല. വലിയ ലോഞ്ചിംഗ് ഇവന്റ് നടന്നു. നിരവധി മീഡിയകളുമായി സംസാരിച്ചു. ഇവന്റുകൾ അറ്റൻഡ് ചെയ്തു. സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങിയത് പോലും ബിസിനസ് സംരംഭം തുടങ്ങുന്നതിന് കുറച്ച് നാൾ മുമ്പാണ്. നയൻതാര ഏറെ നാൾ ഇതിന് വേണ്ടി തന്നെ മാറ്റിവെച്ചിട്ടുണ്ട്. എന്നാൽ അഹാനയ്ക്ക് പെട്ടെന്ന് തന്നെ ബിസിനസ് ജനങ്ങളിലേക്കെത്തിക്കാൻ കഴിഞ്ഞു. അതേസമയം അഹാനയുടേതിനേക്കാൾ വലിയ ബിസിനസാണ് നയൻതാരയുടേത്.

0 Comments