'മരിച്ചവർക്കു പേരില്ല, പ്രതീക്ഷകളുടെ ഭാരവുമായി പ്രവാസം തേടിയെത്തിയ 23 പേർ': കടൽ കടന്നെത്തിയ 'വല്ലാത്ത നൊസ്റ്റാൾജിയ'



 നമ്മുടെ നാട്ടിൽ സർവ സാധാരണമായതിനെ പ്രവാസ ലോകത്തേക്കു പൊതിഞ്ഞു കെട്ടിയെടുക്കുന്നതിൽ ഇന്ത്യക്കാരെ കഴിഞ്ഞേ മറ്റാരുമുള്ളു. ഓണം, വിഷു, ദീപാവലി, ഹോളി, രാഖി, തെയ്യം, തിറ, തൃശൂർ പൂരം അങ്ങനെ എന്തെല്ലാം. ഏറ്റവും ഒടുവിലായി ഇതാ, തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയും കടൽ കടക്കുന്നു. ഏതു നാട്ടിൽ ചെന്നാലും, ആ നാട്ടിലൊരു സ്വന്തം നാടുണ്ടാക്കിയെടുക്കാനുള്ള ഇന്ത്യക്കാരുടെ വ്യഗ്രതയ്ക്ക് എത്ര പ്രായമായെന്ന് ചോദിച്ചാൽ കൃത്യമായ കണക്കില്ല. ഇപ്പറഞ്ഞതൊക്കെ കടൽ കടന്നു വന്നപ്പോൾ പ്രവാസ ലോകം രണ്ടു കയ്യും നീട്ടി സ്വീകരിച്ചിട്ടേയുള്ളു. 

പക്ഷേ, ഇത്തവണ, കടൽ കടന്നെത്തിയതൊരു വല്ലാത്ത നൊസ്റ്റാൾജിയ ആയിപ്പോയി. കേരളത്തിൽ പോലും അന്യം നിന്നു കൊണ്ടിരിക്കുന്ന വ്യാജ മദ്യ ദുരന്തം പ്രവാസ ലോകത്തു പുനഃസൃഷ്ടിക്കുക. കള്ളച്ചാരായം, വ്യാജ വാറ്റ്, വാഷ്, ബാറ്ററി, തേരട്ട, പല്ലി, പഴുതാര, പ്രഷർ കുക്കർ തുടങ്ങിയ വാക്കുകളൊക്കെ നമ്മുടെ ഗൃഹാതുര സ്മരണകളെ തൊട്ടുണർത്തുന്നതാണ്. എന്നു കരുതി, മദ്യം നിഷിദ്ധമാണെന്നു പ്രഖ്യാപിച്ചൊരു രാജ്യത്തു പോയി ഇത് ചെയ്താലോ? 

അതിനിരയായവർ ആരെല്ലാമെന്നു പോലും വ്യക്തമായ വിവരങ്ങളില്ല. മരിച്ചവർക്കു പേരില്ല, മുഖ‌മില്ല. പ്രതീക്ഷകളുടെ ഭാരവും സ്വപ്നങ്ങളുടെ ചിറകുമായി പ്രവാസം തേടിയെത്തിയ 23 പേരെയാണ് കള്ളച്ചാരായം ഇല്ലാതാക്കിയത്. 160 പേർ മരണത്തോടു മല്ലിടുന്നു. തിരികെ വന്നാൽ പോലും ഇവരിൽ പലർക്കും വൃക്കകളില്ല, കാഴ്ചയില്ല. പഴിയും ചീത്ത വിളിയും ഇന്ത്യക്കാരുടെ മേൽ തന്നെയാണ്. രണ്ടു പേരെ കുവൈത്ത് കസ്റ്റഡിയിൽ എടുത്തു. ഏഷ്യക്കാരെന്ന വിശാല വിശേഷണത്തിൽ അവരുടെ വിലാസം മൂടിവയ്ക്കാനുള്ള മാന്യത ആ രാജ്യം കാണിച്ചു. എങ്കിലും ആ പിടിയിലായവരെ അവിടെയുള്ള പ്രവാസികൾക്ക് നേരിട്ടറിയാം. പലരുടെയും കോൺടാക്ട് ലിസ്റ്റിലെ പേരുകാരാണവർ. 

കയ്യിൽ കിട്ടുന്നതെല്ലാം വാരിയിട്ടു തിളപ്പിച്ചാൽ മദ്യമുണ്ടാകില്ല. അങ്ങനെ ആയിരുന്നെങ്കിൽ കോടികൾ മുടക്കി ഡിസ്റ്റിലറികൾ സ്ഥാപിക്കുന്നവരൊക്കെ മണ്ടന്മാരാകണം. മദ്യം ഒരുൽപ്പന്നമാണെന്നും അതുണ്ടാക്കാൻ രാസ പ്രക്രിയകളുടെ പല പടികൾ കടക്കണമെന്നും മനസിലാക്കാൻ സാമാന്യ ബോധം മതി. അത് ഉണ്ടാക്കുന്നവർക്കും വാങ്ങി കുടിക്കുന്നവർക്കും.

നമ്മുടെ മദ്യപാന ശീലം ഒരു വലിയ ഗവേഷണ വിഷയമാണ്. ആസക്തികളോടുള്ള നമ്മുടെ നിലപാടുകൾക്കു നിലവാരമില്ലെന്നു തോന്നി പോകുന്ന സന്ദർഭങ്ങളാണിത്. ലോകത്ത് മദ്യം ഉപയോഗിക്കുന്ന ഏക വിഭാഗമല്ല, നമ്മൾ. നമ്മളേക്കാൾ നന്നായി മദ്യമുണ്ടാക്കുന്നവരും ഉപയോഗിക്കുന്നവരുമാണ് ചുറ്റുമുള്ളതെന്ന ബോധ്യമെങ്കിലും നമുക്കുണ്ടാകണം. ഒരു കുപ്പി മദ്യം ഒറ്റ വലിക്കു കുടിക്കുന്നതല്ല മദ്യപാനം. നല്ലതെന്തു കിട്ടിയാലും ഉപയോഗിക്കാൻ അറിയാത്തവരെന്ന ചീത്തപ്പേര് മദ്യത്തിന്റെ കാര്യത്തിലെങ്കിലും നമ്മൾ മാറ്റിയെടുക്കണം. കുണ്ടും കുഴിയുമില്ലാത്ത റോഡ് മുന്നിൽ കിട്ടിയാൽ വണ്ടി പറപ്പിക്കുക, നല്ലൊരു ശുചിമുറി കണ്ടാൽ അതിലെ ക്ലോസറ്റും വൃത്തികേടാക്കി പൈപ്പും പൊട്ടിച്ചു ചുവരിൽ തെറിയും എഴുതി വയ്ക്കുക, ആരെങ്കിലും എന്തെങ്കിലും സംരംഭം തുടങ്ങിയാൽ അവിടെ പോയി അലമ്പുണ്ടാക്കുക, ഗുണദോഷിക്കുന്നവരെ വീട്ടിൽ കയറി തല്ലുക, അങ്ങനെ നമ്മൾ മാറ്റിയെടുക്കേണ്ട എന്തെല്ലാം ശീലങ്ങളുണ്ട്. 

യുകെയിൽ പേപ്പറു കീറിയും കയ്യിലെ പോപ് കോൺ എറിഞ്ഞും തീയറ്റർ വൃത്തികേടാക്കിയതിന്റെ പേരിൽ സിനിമ നിർത്തിവച്ച് ഇന്ത്യക്കാരെ തീയറ്ററിനു പുറത്താക്കിയിട്ട് അധികമായിട്ടില്ല. നാട്ടിൽ നടക്കുന്ന പ്രശ്നങ്ങളുടെ പേരിൽ യൂറോപ്യൻ തെരുവുകളിൽ മുദ്രാവാക്യം മുഴക്കി പൊലീസിനെ വെല്ലുവിളിക്കുന്ന ഇന്ത്യക്കാരെയും ഇപ്പോൾ കാണാം. 

 പണിയെടുത്തും വിയർപ്പൊഴുക്കിയും ഉണ്ടാക്കിയതാണ് പ്രവാസിയുടെ സൽപ്പേര്. അതിന്റെ പേരിൽ ഊറ്റം കൊള്ളുന്നവരാണ് ഓരോ ഇന്ത്യക്കാരും. അതിനെ ഇങ്ങനെ പട്ടച്ചാരയം ഒഴിച്ചു നാറ്റിക്കരുത്. കുടിക്കുന്നതും കഴിക്കുന്നതും ഓരോ ജീവനുകളാണ്, അവരെ ആശ്രയിച്ചു കഴിയുന്നത് അനേകം ജീവിതങ്ങളും.

Post a Comment

0 Comments