കഴുത്തറുത്ത്, മരത്തിൽ ചാരിയിരുത്തിയ 19കാരിയുടെ മൃതദേഹം; ഭയം നിറയ്ക്കുന്ന പ്രേത വളവ്: തലമുറകളെ പേടിപ്പിച്ച ‘സുമതി’!


 തിരുവനന്തപുരം∙ ‘അവളെ പേടിച്ച് ആരും അതുവഴി നടക്കാറില്ലത്ര’! തലസ്ഥാന ജില്ലയിലെ പാലോടിൽ കഥയായും പാട്ടായും പ്രചരിച്ച് പിന്നീട് പനപോലെ വളർന്ന സുമതിയെന്ന ‘യക്ഷിയുടെ കഥ’. കാമുകൻ ക്രൂരമായി കൊലപ്പെടുത്തിയ സുമതിയെന്ന യുവതിയുടെ പ്രേതം അലഞ്ഞു തിരിയുന്നെന്നായിരുന്നു കഥ. കാട്ടിലൂടെയുള്ള റോഡിൽ മൈലമൂട്ടിലെ കൊടുംവളവിൽ അവളെ കണ്ടതായി ചിലർ പറഞ്ഞുപരത്തി. 

വളവിലെത്തുമ്പോൾ വാഹനം കേടാകുമെന്നായിരുന്നു മറ്റൊരു പ്രചരണം. പറഞ്ഞു പഴകി ഒടുവിൽ സുമതിയൊരു വളവായി, സുമതി വളവ്! പാലോടിനടുത്തുള്ള ഈ വളവ് കാലങ്ങളോളം ആളുകളെ പേടിപ്പിച്ചു. ഒടുവിൽ എഐയുടെ (നിർമിതബുദ്ധി) കാലത്ത്, സുമതിയേക്കാൾ രൂപഭംഗിയുള്ള പ്രേതങ്ങൾ സൃഷ്ടിക്കപ്പെടുന്ന കാലത്ത്, ആ വളവൊരു ടൂറിസ്റ്റ് കേന്ദ്രമായി, സിനിമയ്ക്ക് പ്രചോദനവുമായി. 


വെറുമൊരു പ്രേതകഥയല്ല ‘സുമതി വളവ്’; റിവ്യു

1953 ജനുവരി 27നാണ് സുമതിയെന്ന യുവതി പാലോട് മൈലമൂടിനടുത്തുള്ള വളവിൽ കൊല്ലപ്പെട്ടത്. ഒരു മലഞ്ചരക്കു വ്യാപാരിയുടെ വീട്ടിലെ വേലക്കാരിയായിരുന്നു സുന്ദരിയായ സുമതി. വിവാഹവാഗ്ദാനം നൽകി മുതലാളിയുടെ മകൻ അവളെ ഗർഭിണിയാക്കി. വിവാഹം കഴിക്കണമെന്ന് അവൾ വാശിപിടിച്ചപ്പോൾ കാമുകന്റെ മനസ്സിൽ പകയെരിഞ്ഞു. ഉൽസവം കാണിക്കാമെന്നു പറഞ്ഞു ഒരു അംബാസഡർ കാറിൽ കൊണ്ടുപോയ സുമതിയെ കാമുകനും കൂട്ടുകാരനും ചേർന്നു കഴുത്തറുത്തു കൊലപ്പെടുത്തിയെന്നാണ് പൊലീസ് കേസ്. ഈറ്റ വെട്ടാൻ പോയവരാണു കൊടും വളവിനടുത്തെ മരത്തിൽ ചാരിയിരുത്തിയ നിലയിൽ സുമതിയുടെ മൃതദേഹം കണ്ടെത്തിയത്. ആറു മാസം കഴിഞ്ഞു പ്രതികളെ അറസ്റ്റ് ചെയ്തു. കോടതി രണ്ടുപേരെയും ജീവപര്യന്തം കഠിനതടവിനു ശിക്ഷിച്ചു. 

മരിക്കുമ്പോൾ സുമതിയുടെ പ്രായം 19. സുമതിയുടെ പ്രേതം ഈ പ്രദേശത്ത് അലഞ്ഞുനടക്കാറുണ്ടെന്ന് ആളുകൾ പറയാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. കൊലപാതകത്തിനുശേഷം സുമതിയുടെ പേരിൽ പാട്ടു പുസ്തകം ഇറങ്ങി. പാങ്ങോട്, കല്ലറ തുടങ്ങിയ ചന്തകളിൽ പാട്ടുകാർ പ്രേതകഥ പാടിനടന്നു. വാഹന യാത്രികരായിരുന്നു പ്രേതകഥകളുടെ മുഖ്യ പ്രചാരകർ. വെള്ളവസ്ത്രം ധരിച്ച, സുമതിയുടെ പ്രേതം അലഞ്ഞുനടക്കുന്നുവെന്ന കഥകളായിരുന്നു ആദ്യകാലങ്ങളിൽ കേട്ടുകൊണ്ടിരുന്നത്. ഈ വളവിലെത്തിയാൽ വാഹനങ്ങളുടെ എൻജിൻ തനിയേ ഓഫാകുമെന്നും ടയർ പഞ്ചറാകുമെന്നും ലൈറ്റുകൾ അണയുമെന്നുമായിരുന്നു മറ്റു ചിലരുടെ കണ്ടുപിടിത്തം. പൊടിപ്പും തൊങ്ങലുംവച്ച ഇത്തരം പ്രേതകഥകൾ ഇന്റർനെറ്റിലൂടെ കാട്ടുതീപോലെ കത്തിപ്പടർന്നു. ഇത്തരം പ്രചാരണങ്ങൾക്കു പിന്നിൽ സാമൂഹ്യവിരുദ്ധരാണെന്നു നാട്ടുകാർ പറയുന്നു. സുമതിയുടെ ‘പ്രേതം’ ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ല.

പാലോടുനിന്ന് 4 കിലോമീറ്റർ അകലെ മൈലമൂട് പാലത്തിന് അടുത്താണ് സുമതി വളവ്. തിരുവനന്തപുരം നഗരത്തില്‍നിന്ന് വരുമ്പോൾ പാലോട് ജംക്‌ഷനിൽനിന്ന് കല്ലറ–പാങ്ങോട്ടേയ്ക്ക് പോകുന്ന വഴിയിലാണ് സ്ഥലം. പകൽപോലും പേടിപ്പെടുത്തുന്ന അന്തരീക്ഷമായിരുന്നു ഇവിടെ. കാലം മാറിയതോടെ റോഡുംനാടും വികസിച്ചു. രാത്രിയിലും റോഡിൽ ആൾസഞ്ചാരമായി. സുമതിയുടെ കഥ പ്രചരിച്ചതോടെ പലരും കൂട്ടുകാരോട് വെല്ലുവിളിച്ച് ധൈര്യം പരീക്ഷിക്കാൻ സ്ഥലത്തെത്തി. ഇപ്പോൾ റീൽസെടുക്കാൻ ആളുകൾ കൂട്ടത്തോടെ എത്താറുണ്ടെന്ന് പൊലീസ് പറയുന്നു. സുമതി വളവ് സിനിമ ഇറങ്ങിയതോടെ കൂടുതൽ ആളുകൾ സ്ഥലത്തേക്ക് എത്തുന്നുണ്ട്. ‘പ്രേതകഥയെ മുതലെടുത്തവരുണ്ട്. വെള്ള വസ്ത്രം ധരിച്ച് സ്ത്രീകളെ കൊണ്ടുവന്ന് പണം തട്ടിയെടുത്ത സംഭവങ്ങൾ പണ്ട് കേട്ടിട്ടുണ്ട്’–പൊതുപ്രവര്‍ത്തകനായ മനോജ് പറയുന്നു.

Post a Comment

0 Comments