16കാരിയെ ഓഡിഷന് എത്തിച്ച ഫ്ലാറ്റിൽ 6 പുരുഷൻമാർ, 'അഡ്ജസ്റ്റ്' ചെയ്യണമെന്ന് മിനു മുനീർ ആവശ്യപ്പെട്ടെന്നു പരാതി


 നെടുമ്പാശേരി/ചെന്നൈ ∙ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ പല നടന്മാർക്കും എതിരെ പീഡനാരോപണങ്ങൾ ഉന്നയിച്ച മിനു മുനീറിനെ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ബന്ധുവായ പെൺകുട്ടിയെ സിനിമയിൽ അഭിനയിപ്പിക്കാമെന്നു വാഗ്ദാനം നൽകി പെൺവാണിഭ സംഘത്തിനു കൈമാറിയെന്ന കേസിലാണ് നടപടി. ചെന്നൈ തിരുമംഗലം പൊലീസാണു ഇന്നലെ നടിയെ കേരളത്തിലെത്തി കസ്റ്റഡിയിലെടുത്തത്. തുടർന്ന് ചെന്നൈയിലെ രഹസ്യ കേന്ദ്രത്തിലേക്കു മാറ്റി. വിശദമായ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തിയേക്കും.

2014ൽ 16 വയസ്സ് മാത്രമുണ്ടായിരുന്ന പെൺകുട്ടിയെ സിനിമയിൽ അഭിനയിപ്പിക്കാം എന്ന വാഗ്ദാനം നൽകി മിനു ചെന്നൈ തിരുമംഗലത്തെ ഫ്ലാറ്റിൽ എത്തിക്കുകയായിരുന്നു. ഓഡിഷൻ എന്നു പറഞ്ഞാണു കൊണ്ടുപോയത്. അവിടെയുണ്ടായിരുന്ന 6 പുരുഷൻമാർ അപമര്യാദയായി പെരുമാറിയെന്നും അഡ്ജസ്റ്റ് ചെയ്യാൻ മിനു ആവശ്യപ്പെട്ടെന്നുമാണു പരാതി.  

ചെന്നൈയിൽ നിന്നു രക്ഷപ്പെട്ടു നാട്ടിലെത്തിയ പെൺകുട്ടി മീനുവുമായി അകന്നു കഴിയുകയായിരുന്നു. ഇതിനു പിന്നാലെയാണു യുവതി ദുരനുഭവം തുറന്നു പറഞ്ഞത്. തുടർന്നു ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി. സംഭവം നടന്നതു തിരുമംഗലം പൊലീസ് പരിധിയിൽ ആയതിനാൽ കേസ് തിരുമംഗലം പൊലീസിനു കൈമാറുകയായിരുന്നു.


Post a Comment

0 Comments