"തിരുവനന്തപുരം: ഓൺലൈൻ മദ്യ വില്പനയുമായി ബന്ധപ്പെട്ട് 10 ദിവസത്തിനുള്ളിൽ ആപ്പ് വികസിപ്പിക്കുമെന്ന് ബെവ്‌കോ എംഡി ഹർഷിത അട്ടല്ലൂരി റിപ്പോർട്ടറിനോട്. മൂന്ന് വർഷമായി ഇക്കാര്യം സംബന്ധിച്ച് സർക്കാരിന് ശുപാർശ നൽകുന്നുണ്ട്. അനുകൂല തീരുമാനം ഉണ്ടായാൽ വാതിൽപ്പടി മദ്യവിതരണം ആരംഭിക്കും. 23 വയസ്സ് പൂർത്തിയായവർക്കു മാത്രം മദ്യം നൽകാനാണ് ശുപാർശയെന്നും ഹർഷിത അട്ടല്ലൂരി പറഞ്ഞു.
ഒരു തവണ മൂന്നു ലീറ്റർ മദ്യം ഓർഡർ ചെയ്യാം. കൂടുതൽ വിതരണ കമ്പനികൾ രംഗത്തെത്തിയാൽ ടെൻഡർ വിളിക്കുമെന്നും ബെവ്‌കോ എം ഡി പറഞ്ഞു. അതേസമയം ഓൺലൈൻ മദ്യ വില്പന ഉദ്ദേശിക്കുന്നില്ലെന്നാണ് എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികളുടെ സഹകരണത്തോടെ ആപ്പ് മുഖേന മദ്യം വീട്ടിലെത്തിക്കുന്ന പദ്ധതിയാണ് ബെവ്‌കോ മുന്നോട്ടുവെക്കുന്നത്."

0 Comments